അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടിപ്പ്; ഉത്തരേന്ത്യന്‍ സംഘം അറസ്റ്റില്‍

01.37 AM 15-07-2016
thief
ബാങ്കുദ്യോഗസ്ഥരെന്ന വ്യാജേന മൊബൈല്‍ ഫോണ്‍ വഴി അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തി പണം അപഹരിക്കുന്ന ഉത്തരേന്ത്യന്‍ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. കേരള സൈബര്‍ ക്രൈം പോലീസ് അന്വേഷണ സംഘമാണു ഡല്‍ഹിയില്‍നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലെ പട്ടേല്‍ നഗര്‍ സ്വദേശി സൗരഭ്, കീര്‍ത്തിനഗര്‍ സ്വദേശി ഋഷി നെരൂല എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായ സൗരഭ്, ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിന്റെ സിഇഒയും ഋഷി നെരൂല ടീം ലീഡറുമാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ മറ്റു ചില സ്റ്റേറ്റ് ബാങ്കുകള്‍ ലയിക്കുന്നതുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പുതിയ ഡെബിറ്റ് കാര്‍ഡുകളും, ക്രെഡിറ്റ് കാര്‍ഡുകളും നല്‍കാനെന്ന വ്യാജേന ബാങ്ക് അക്കൗണ്ട് ഉള്ളവരുടെ ഫോണിലേക്കു ബാങ്ക് ഉദ്യോഗസ്ഥരെന്ന രീതിയില്‍ വിളിച്ച് കാര്‍ഡ് നമ്പരും തുടര്‍ന്ന് അയയ്ക്കുന്ന രഹസ്യ നമ്പരും കരസ്ഥമാക്കിയാണ് ഇവര്‍ ലക്ഷങ്ങള്‍ അപഹരിക്കുന്നത്.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനിയായ സ്ത്രീയെ എസ്ബിഐ ഉദ്യോഗസ്ഥനെന്ന പേരില്‍ ഫോണ്‍ വിളിച്ച് അക്കൗണ്ട് വിവരങ്ങളും ഒടിപിയും കരസ്ഥമാക്കി 31,425 രൂപ തട്ടിയെടുത്ത പരാതിയിന്മേലുള്ള അന്വേണമാണ് പ്രതികളെ കുടുക്കിയത്. ഇവരുടെ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ തട്ടിയെടുത്ത തുകകൊണ്ട് മുംബൈയില്‍നിന്നു ഗോള്‍ഡ് കോയിന്‍ വാങ്ങിയിട്ടുള്ളതായും അത് ഡല്‍ഹിയിലെ തിലക് നഗറിലുള്ള മേല്‍ വിലാസത്തിലേക്ക് എത്തിയതായും പോലീസിനു മനസിലായി. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അത് വ്യാജ മേല്‍വിലാസമാണെന്നു തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇവര്‍ക്ക് സാധനങ്ങള്‍ കൈമാറിയ കൊറിയര്‍ ഏജന്‍സി മുഖാന്തരം നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ കുരുങ്ങിയത്.
ബാങ്ക് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തന്ത്രപൂര്‍വം സംസാരിക്കുന്ന ഇവര്‍ ഹെഡ് ഓഫീസില്‍നിന്നാണെന്നും പുതിയ ഓഫറുകള്‍ ഉണ്ടെന്നും മറ്റും പറഞ്ഞ് സാധാരണക്കാരെ പറ്റിച്ചാണ് രഹസ്യകോഡുകളും മറ്റും കരസ്ഥമാക്കുന്നത്. ചില അവസരങ്ങളില്‍ ബാങ്ക് അക്കൗണ്ടുകളെ സംബന്ധിക്കുന്ന ചില വിവരങ്ങള്‍ അക്കൗണ്ട് ഉടമയോട് ഇവര്‍ പറഞ്ഞെന്നിരിക്കും. തുടര്‍ന്ന് യഥാര്‍ഥ ഉദ്യോഗസ്ഥരെന്നു ധരിച്ച് രഹസ്യകോഡുകള്‍ ഇവരോട് അബദ്ധത്തില്‍ പറഞ്ഞുകൊടുക്കുന്നതുവഴിയാണ് അക്കൗണ്ട് ഉടമകള്‍ വഞ്ചിതരാവുന്നത്.
കോള്‍ സെന്ററില്‍നിന്നു നൂറിലേറെ സിം കാര്‍ഡുകളും ഇരട്ട സിംകാര്‍ഡുകളോടു കൂടിയ പതിനെട്ട് മൊബൈല്‍ ഫോണുകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്കും നിരവധി എടിഎം കാര്‍ഡുകളും, പാന്‍ കാര്‍ഡുകളും, അനവധി ബാങ്കുകളുടെ ചെക്ക് ബുക്കുകളും, ലാപ്‌ടോപ്പുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.