അക്ഷരത്തെറ്റ്‌: ബംഗ്ലാദേശ്‌ ബാങ്കിനു ‘ലാഭം’ 57,800 കോടി

09:10am 25/4/016
1461526015_a2504in
ധാക്ക: ഹാക്കര്‍മാര്‍ക്കു പറ്റിയ ചെറിയ അക്ഷരത്തെറ്റ്‌ ബംഗ്ലാദേശ്‌ സെന്‍ട്രല്‍ ബാങ്കിനു നേടിക്കൊടുത്തത്‌ 57,800 കോടി രൂപയുടെ ലാഭം. ഹാക്കര്‍മാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ഇന്റര്‍നെറ്റിലൂടെ ബംഗ്ലാദേശ്‌ സെന്‍ട്രല്‍ ബാങ്കിന്റെ 6,500 കോടി രൂപയോളം അടിച്ചുമാറ്റിയിരുന്നു. ഏറെ കഴിഞ്ഞാണു ലോകം ബാങ്ക്‌കൊള്ളയെക്കുറിച്ചറിഞ്ഞത്‌. പണം ശ്രീലങ്ക, ഫിലിപ്പൈന്‍സ്‌ എന്നിവയടക്കമുള്ള രാജ്യങ്ങളിലേക്കു മാറ്റാനും ഹാക്കര്‍മാര്‍ക്കായി. ഉത്തരവാദിത്തം ഏറ്റെടുത്ത്‌ ബാങ്ക്‌ ഗവര്‍ണര്‍ അതിയുര്‍ റഹ്‌മാനു രാജിവയ്‌ക്കുകയും ചെയ്‌തു.
20 ഹാക്കര്‍മാരാണു കൊള്ളയ്‌ക്കു പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണു കണ്ടെത്തല്‍. ബംഗ്ലാദേശ്‌ സെന്‍ട്രല്‍ ബാങ്കിനു യു.എസിലെ ഫെഡറല്‍ ബാങ്ക്‌ റിസര്‍വിലുള്ള അക്കൗണ്ടില്‍ നിന്നാണു പണം തട്ടിയത്‌. ഫയര്‍വാള്‍ കടന്നു ബാങ്കിന്റെ അക്കൗണ്ടില്‍ പ്രവേശിച്ച ഹാക്കര്‍മാര്‍ക്ക്‌ ആദ്യഘട്ടത്തില്‍ 6,500 കോടി രൂപയാണു അടിച്ചുമാറ്റാന്‍ കഴിഞ്ഞത്‌.
57,800 കോടി രൂപ കൂടി തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെയാണ്‌ അക്ഷരപ്പിശക്‌ പ്രശ്‌നമായത്‌. ഇതിനായി founadtion എന്ന വാക്കാണു നല്‍കേണ്ടിയിരുന്നത്‌. എന്നാല്‍ ഹാക്കര്‍മാര്‍ നല്‍കിയത്‌ fanadtion എന്നായിപ്പോയി. ഇതോടെ ഹാക്കര്‍മാരുടെ ശ്രമം പാതിവഴിയില്‍ മുടങ്ങി.
നിഘണ്ടു നോക്കാന്‍ ഹാക്കര്‍മാര്‍ മനസുവച്ചിരുന്നെങ്കില്‍ ആ പണം കൂടി കീശയിലാക്കാമായിരുന്നു. ബംഗ്ലാദേശ്‌ ബാങ്കിന്‌ ഈ പിഴവ്‌ “ലാഭമായി”. ബാങ്കിന്റെ കമ്പ്യൂട്ടറില്‍ ഫയര്‍വാള്‍ ഒരുക്കാത്തതാണു ഹാക്കര്‍മാര്‍ക്ക്‌ തുണയായതെന്നാണ്‌ അന്വേഷണ റിപ്പോര്‍ട്ട്‌.(സുരക്ഷാ മാനദണ്ഡങ്ങളെ അതിലംഘിച്ച്‌ കൊണ്ട്‌ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിലേക്ക്‌ അതിക്രമിച്ചു കയറുന്ന പ്രോഗ്രാമുകളേ തടയുന്നതിനുള്ള സോഫ്‌റ്റ്‌വേറിനെയോ ഹാര്‍ഡ്‌വേറിനേയൊ ആണ്‌ ഫയര്‍വാള്‍ എന്നു വിശേഷിപ്പിക്കുന്നത്‌.
ഫയര്‍വാള്‍ ഇന്റര്‍നെറ്റിനേയും ഇന്‍ട്രാനെറ്റിനേയും ഒരു പോലെ സുരക്ഷിതമാക്കുന്നു. വ്യത്യസ്‌ത സുരക്ഷാമാനദണ്ഡങ്ങളുള്ള വിവിധ നെറ്റ്‌വര്‍ക്കുകള്‍ തമ്മില്‍ നിയന്ത്രിതമായ ആശയവിനിമയം സാധ്യമാക്കുക എന്നതാണു ഫയര്‍വാളിന്റെ പ്രധാന ദൗത്യം.)
നെറ്റ്‌വര്‍ക്കിന്റെ ഭാഗമായ ഉപകരണങ്ങള്‍ ഏറെ പഴകിതാണെന്നും കണ്ടെത്തി. മറ്റേതോ സ്‌ഥാപനത്തില്‍ ഉപയോഗിച്ചിരുന്ന നെറ്റ്‌വര്‍ക്ക്‌ സംവിധാനം ബാങ്കിനായി വാങ്ങിക്കുകയായിരുന്നത്രേ. തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പണം സ്വീകരിച്ച ഏതാനും പേര്‍ വലയിലായി. എങ്കിലും നഷ്‌ടപ്പെട്ട പണത്തില്‍ ഭൂരിപക്ഷവും തിരിച്ചുപിടിച്ചിട്ടുമില്ല.
ഫയര്‍വാളിലെ തകരാറാണു പ്രശ്‌നമായതെന്നു ബംഗ്ലാദേശ്‌ പോലീസ്‌ ഫോറന്‍സിക്‌ ട്രെയ്‌നിങ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ മേധാവി മുഹമ്മദ്‌ ഷാ അലാം അറിയിച്ചു. ബാങ്ക്‌ കൊള്ള ലോകരാജ്യങ്ങള്‍ മുന്നറിയിപ്പായി കണക്കാക്കണമെന്നു വേള്‍ഡ്‌ ബാങ്ക്‌ സുരക്ഷാ സംഘം അംഗമായിരുന്ന ടോം കെല്ലര്‍മാന്‍ നിരീക്ഷിച്ചു. ബംഗ്ലാദേശ്‌ ബാങ്കില്‍ 5,000 കമ്പ്യൂട്ടറുകളാണ്‌ ഉപയോഗിക്കുന്നത്‌.