അഞ്ചു പൈസക്ക് കിലോ ഉള്ളി കണ്ണീരോടെ കര്‍ഷകന്‍

12:02 am 26/08/2016
images
നാസിക്: വിപണിയില്‍ ഉള്ളിക്ക് ന്യായവില ലഭിക്കുന്നില്ളെന്ന ആരോപണവുമായി കര്‍ഷകര്‍. ഒരുകിലോ ഉള്ളിക്ക് അഞ്ചു പൈസ മാത്രമാണ് വിലയിട്ടത് എന്നാരോപിച്ച് നാസിക് ജില്ലയില്‍ നിന്നുള്ള സുധാകര്‍ ദരാദെ എന്ന കര്‍ഷകന്‍ രംഗത്ത്. കാര്‍ഷികോല്‍പന്ന വിപണന കമ്മിറ്റിയില്‍ (എ.പി.എം.സി) ഒരു ക്വിന്‍റല്‍ ഉള്ളിക്ക് അഞ്ചുരൂപ മാത്രമാണ് ലഭിച്ചത്. പത്തേക്കറില്‍ കൃഷി നടത്തിയ തനിക്ക് ഒരേക്കറിന്‍പുറത്ത് 700 രൂപയിലധികം ചെലവുവന്നു.

ഉള്ളി വിപണിയിലത്തെിക്കാനുള്ള വാഹനചാര്‍ജ് 780 രൂപയായി. എന്നാല്‍, 13 ക്വിന്‍റലിന് 65 രൂപ മാത്രമാണ് വിലയിട്ടത്. ഇതില്‍ പ്രതിഷേധിച്ച് മുഴുവന്‍ ഉള്ളിയും തിരികെ പാടത്ത് തള്ളിയെന്നും ദരാദെ പറഞ്ഞു. നിലവാരം കുറഞ്ഞ ചെറിയ ഉള്ളികളാണ് ദരാദെയുടേതെന്നാണ് എ.പി.എം.സിയുടെ വാദം. നിലവില്‍ ക്വിന്‍റലിന് 600-700 രൂപ നിരക്കിലാണ് ഉള്ളി സംഭരിക്കുന്നതെന്നും എന്നാല്‍, കര്‍ഷകര്‍ അഴുകിയ ഉള്ളി വിപണിയിലത്തെിക്കുന്നതിനാലാണ് വിലയിലും ഇടിവുണ്ടാകുന്നതെന്ന് എ.പി.എം.സി അധികൃതര്‍ പറഞ്ഞു.

ഉല്‍പാദന ചെലവിനെക്കാള്‍ കുറഞ്ഞ വിലയാണ് വിപണിയില്‍ ലഭിക്കുന്നതെന്നും കര്‍ഷകര്‍ക്ക് സഹായകമായരീതിയില്‍ ഉള്ളിവില ക്വിന്‍റലിന് 2000 രൂപയായി ഉയര്‍ത്തണമെന്നും എന്‍.സി.പി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഉള്ളി വിപണി നാസികിലാണ്.