03:30PM 22/06/2016
തിരുവനന്തപുരം: സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് രാജിവെച്ചു. ഇന്നു ചേർന്ന സ്പോർട്സ് കൗൺസിൽ ഭരണസമിതി യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. അഞ്ജുവിനെ കൂടാതെ ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളും രാജി സമർപ്പിച്ചിട്ടുണ്ട്.
അപമാനം സഹിച്ച് പ്രസിഡന്റ് പദവിയിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് അഞ്ജു ബേബി ജോർജ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സ്പോർട്സിനെ ജാതിയോ മതമോ ഇല്ല. സ്പോർട്സിനെ തോൽപിക്കാം, എന്നാൽ കായികതാരങ്ങളെ തോൽപിക്കാനാവില്ല. സർക്കാറിന്റെ ശിപാർശ പ്രകാരമാണ് സഹോദരൻ അജിത്ത് മർകോസിനെ പരിശീലകനായി നിയമിച്ചത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ അജിത്ത് മർകോസും രാജിവെക്കുമെന്നും അഞ്ജു വ്യക്തമാക്കി.
ഈ നൂറ്റാണ്ടിൽ കായിക താരങ്ങളോട് ചെയ്ത ഏറ്റവും വലിയ വഞ്ചനയാണ് സ്പോർട്സ് ലോട്ടറി. പ്രശ്നങ്ങൾ തുടങ്ങിയത് എത്തിക്സ് കമ്മിറ്റിക്ക് രൂപം നൽകിയതോടെയാണ്. സ്ഥാപകൻ ജി.വി രാജയെ കരയിപ്പിച്ച് പറഞ്ഞുവിട്ട സ്ഥാപനമാണ് സ്പോർട്സ് കൗൺസിലെന്നും അഞ്ജു പറഞ്ഞു.
കായിക മന്ത്രി ഇ.പി ജയരാജനും അഞ്ജു ബോബി ജോർജും തമ്മിൽ നിലനിന്ന ദിവസങ്ങൾ നീണ്ട അസ്വാരസ്യങ്ങൾ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. ജയരാജനെതിരെ അഞ്ജു ബോബി ജോർജ് മുഖ്യമന്ത്രിക്കു പരാതി നൽകിയിരുന്നു. സ്പോര്‍ട്സ് കൗണ്‍സിലില്‍ മുഴുവന്‍ അഴിമതിക്കാരാണെന്ന് ആരോപിച്ച് മന്ത്രി തട്ടിക്കയറിയെന്നും പരുഷമായി സംസാരിച്ചെന്നുമാണ് പരാതി.
അതേസമയം, അഞ്ജു ബോബി ജോർജിനോട് മോശമായി പെരുമാറിയിട്ടില്ലെന്നും തന്നെ കണ്ട ശേഷം അവർ സന്തോഷത്തോടെയാണ് പോയതെന്നും ജയരാജൻ പ്രതികരിച്ചു. സ്പോർട്സ് കൗൺസിൽ പ്രസിഡൻറിന് ബംഗളൂരുവിൽനിന്നു വരാൻ വിമാന ടിക്കറ്റ് എഴുതിയെടുക്കുന്നതിനെയും മന്ത്രി വിമർശിച്ചിരുന്നു.