അടുത്ത തെരഞ്ഞെടുപ്പോടെ കേരളം ബി.ജെ.പി ഭരിക്കും –അമിത് ഷാ

08:27 am 25/9/2016
images (2)
കോഴിക്കോട്: കേരളത്തില്‍ അടുത്ത തെരഞ്ഞെടുപ്പോടെ ബി.ജെ.പി അധികാരത്തില്‍ വരുമെന്ന് പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിയുടെ വളര്‍ച്ച ഭയന്നാണ് സി.പി.എം അക്രമം അഴിച്ചുവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി ദേശീയ കൗണ്‍സിലിന്‍െറ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 15ശതമാനം വോട്ടാണ് ബി.ജെ.പി നേടിയത്. തൊട്ടു മുമ്പത്തെ ആറു ശതമാനത്തില്‍നിന്നാണ് ഈ മുന്നേറ്റം. ഇതു തടയാന്‍ സര്‍ക്കാര്‍ സ്പോണ്‍സേഡ് അക്രമമാണ് കേരളത്തില്‍ നടക്കുന്നത്. അക്രമത്തിലൂടെ ഭയപ്പെടുത്താനുള്ള ശ്രമത്തെ ജനാധിപത്യ മാര്‍ഗത്തിലൂടെ മറുപടി നല്‍കുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ ബി.ജെ.പിക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പുതുമയില്ല. സര്‍ക്കാര്‍ സംരക്ഷണയില്‍ അക്രമം നടക്കുന്നുവെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഒട്ടേറെ പ്രവര്‍ത്തകരാണ് ഇതിനകം കൊല്ലപ്പെട്ടത്.
മുഖ്യമന്ത്രിയുടെയും സി.പി.എം സെക്രട്ടറിയുടെയും നാട്ടിലും ബി.ജെ.പിക്കാരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നു. കേരളത്തിലെ കേന്ദ്ര പദ്ധതികള്‍ അട്ടിമറിക്കുകകൂടിയാണ് അക്രമത്തിനു പിന്നില്‍. എത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടാലും പ്രവര്‍ത്തകരുടെ നിലപാടില്‍നിന്ന് ഒരടിപോലും പിന്നോട്ടില്ളെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.