09:00am 31/5/2016
കൊച്ചി: അതിരപ്പള്ളി ജലവൈദ്യുത പദ്ധതി സംബന്ധിച്ച് എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നു വ്യവസായമന്ത്രി ഇ.പി. ജയരാജന്. എല്ലാ കാര്യത്തിലും കൂട്ടായ്മ തീരുമാനം ആവശ്യമാണ്. മുന്നണിക്കുള്ളില്‍ അഭിപ്രായ ഭിന്നതയില്ലെന്നും സി.പി.എമ്മും സി.പി.ഐയും തമ്മില്‍ മുമ്പുള്ളതിനേക്കാള്‍ ഐക്യത്തിലാണെന്നും എറണാകുളം പ്രസ്ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിയമസഭ പാസാക്കിയ പ്രമേയം നടപ്പാക്കാന്‍ തുടര്‍ന്നുവരുന്ന സര്‍ക്കാരിന് ബാധ്യതയുണ്ട്. കേരളത്തിനു സുരക്ഷയും തമിഴ്നാടിന് വെള്ളവും എന്നതാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തത്വം. ഇതിനനുസൃതമായ നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പരസ്പരം കലഹിച്ചിരുന്ന കേരളത്തിലെയും തമിഴ്നാട്ടിലേയും ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ സാഹോദര്യം മെച്ചപ്പെട്ടു. എല്‍.ഡി.എഫ് മുന്‍പ് സ്വീകരിച്ച നിലപാടില്‍ തത്വത്തില്‍ മാറ്റം സംഭവിച്ചിട്ടില്ലെന്നും കോടതിയുടേയും വിദഗ്ദ്ധരുടേയും പഠന റിപ്പോര്‍ട്ടുകള്‍ പഠിച്ച ശേഷം ജനംതാല്പര്യം മുന്‍നിര്‍ത്തി വിഷയത്തില്‍ അന്തിമതീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.