07:40pm 4/6/2016
കൊച്ചി: അതിരപ്പിള്ളി പദ്ധതിയില്‍ ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച് സംവാദം. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംഘടിപ്പിച്ച ‘അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വികസനമോ വിനാശമോ’ എന്ന സംവാദത്തിലാണ് പദ്ധതിയെ അനുകൂലിച്ചും എതിര്‍ത്തും അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. നിലവിലുള്ള വൈദ്യുത പദ്ധതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് പീച്ചി വനഗവേഷണ കേന്ദ്രത്തിലെ ഡോ.ടി.വി.സജീവ് പറഞ്ഞു. എല്ലാ പദ്ധതികളും അഴിമതിയുടെ കൂത്തരങ്ങാണ്. ഭരണകൂടത്തിന്റെ വാക്കുകള്‍ വിശ്വസിക്കുക പ്രയാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഏറ്റവും പരിസ്ഥിതി സൗഹാര്‍ദമായ പദ്ധതിയാണ് അതിരപ്പിള്ളിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് കെഎസ്ഇബി ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം.ജി.സുരേഷ്‌കുമാര്‍ അവകാശപ്പെട്ടു. വെള്ളച്ചാട്ടം നിലനിര്‍ത്തുമെന്ന ഉറപ്പ് നല്‍കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വൈദ്യുതി വകുപ്പിന്റെ കണക്കുകള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ലെന്ന് ചാലക്കുടി പുഴ സംരക്ഷണ സമിതി സെക്രട്ടറി എസ്.പി.രവി പറഞ്ഞു. വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സോളാര്‍ പാനല്‍ നിര്‍ബന്ധമാക്കി നിയമം കൊണ്ടുവരണമെന്ന് കുസാറ്റ് പ്രൊഫസര്‍ കെ.പി.വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
ഹോട്ടല്‍ സൗത്ത് റീജന്‍സിയില്‍ നടന്ന പരിപാടിയില്‍ വിജ്ഞാന ഭാരതി സെക്രട്ടറി പി.എ.വിവേകാനന്ദ പൈ വിഷയാവതരണം നടത്തി. ഡോ.കെ.ഗിരീഷ്‌കുമാര്‍ സ്വാഗതവും ഡോ.രാജലക്ഷ്മി സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.