അതിര്‍ത്തിയില്‍ കനത്ത ഏറ്റുമുട്ടല്‍; പാക് വെടിവയ്പ്പില്‍ കുട്ടികള്‍ക്കു പരിക്ക്

09.48 AM 28/10/2016
ib-kashmir
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ രാജ്യാന്തര അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ കനത്തു. കഴിഞ്ഞ രാത്രിയിലുടനീളം പാക് സൈന്യം ശക്തമായ ഷെല്ലാക്രമണവും വെടിവയ്പ്പും നടത്തി. ബിഎസ്എഫ് ശക്തമായ തിരിച്ചടി നല്‍കി. നൗഷേര, സുന്ദര്‍ബാനി, പല്ലന്‍വാല സെക്ടറുകളിലാണ് ഇന്നു പുലര്‍ച്ചെ പാക് ഷെല്ലാക്രമണം നടന്നത്. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ ഇത് ആറാം തവണയാണ് പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍കരാര്‍ ലംഘിക്കുന്നത്.
പാക് സൈന്യത്തിനു കനത്ത നഷ്ടമുണ്ടായതായി ബിഎസ്എഫ് അറിയിച്ചു. ഇന്ത്യന്‍ ഭാഗത്ത് പരിക്കുകളോ ജീവഹാനിയോ നേരിട്ടിട്ടില്ല. ഹിരാനഗറിലും സാംബ സെക്ടറിലുമാണ് ശക്തമായ പാക് ഷെല്ലാക്രമണവും വെടിവയ്പ്പും നടന്നത്. പൂഞ്ച് സെക്ടറിലെ ആര്‍എസ് പുര, അഖ്‌നോര്‍ പ്രദേശങ്ങളിലും പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു.
പാക് റേഞ്ചേഴ്‌സിന്റെ വെടിവയ്പ്പില്‍ പെണ്‍കുട്ടി അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായി ബിഎസ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. കഠുവ ജില്ലയിലെ രാജ്യാന്തര അതിര്‍ത്തിയിലെ പെണ്‍കുട്ടിക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ഉണ്ടായ പാക് ആക്രമണങ്ങളില്‍ നാല് വനിതകള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു.