08:36am 29/04/2016
ന്യൂഡല്‍ഹി: 1971ല്‍ ഇന്ത്യപാക് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിറ്റേന്നും പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ശാന്തയായിരുന്നുവെന്ന് പുതിയ പുസ്തകം. 20 വര്‍ഷം ഇന്ദിരയുടെ പേഴ്സനല്‍ ഡോക്ടറായിരുന്ന കെ.പി. മാഥൂര്‍ എഴുതിയ ‘ദ അണ്‍സീന്‍ ഇന്ദിര ഗാന്ധി’ എന്ന പുസ്തകത്തിലാണ് ഇന്ദിരയുടെ സ്വഭാവസവിശേഷതകളെ കുറിച്ച് കൗതുകകരമായ വിവരങ്ങളുള്ളത്. ബംഗ്ളാദേശ് യുദ്ധം തുടങ്ങിയതിന്റെ പിറ്റേദിവസം ഇന്ദിരയെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ ദിവാന് തൂത്തുവിരിപ്പുകള്‍ മാറ്റുകയായിരുന്നുവെന്ന് മാഥൂര്‍ പറയുന്നു. പ്രതിസന്ധികളെ സംയമനത്തോടെ അഭിമുഖീകരിച്ച നേതാവായിരുന്നു ഇന്ദിര. 1971 ഡിസംബര്‍ മൂന്നിന് പാകിസ്താന് ഇന്ത്യയെ ആക്രമിച്ചപ്പോള്‍ കൊല്‍ക്കത്തയിലായിരുന്ന അവര്‍ ഡല്‍ഹിയിലത്തെി. ആ യാത്രയില്‍ ഇന്ദിര അസ്വസ്ഥതയോ പരിഭ്രമമോ പ്രകടിപ്പിച്ചില്ല. യുദ്ധതന്ത്രങ്ങളും ഭാവിപരിപാടികളും ശാന്തതയോടെ രൂപപ്പെടുത്തുകയായിരുന്നു.
എന്നാല്‍, 1966ല്‍ പ്രധാനമന്ത്രിപദം ഏറ്റെടുത്തയുടന്‍ ഇന്ദിര സംഘര്ഷങ്ങളനുഭവിച്ചിരുന്നു. ആദ്യ ഒന്നുരണ്ട് വര്‍ഷങ്ങള്‍ അവരില്‍ ആശയക്കുഴപ്പവും ആശങ്കയും പ്രകടമായിരുന്നു. ഉപദേശകരോ പറയത്തക്ക അടുപ്പക്കാരോ അവര്‍ക്കുണ്ടായിരുന്നില്ല. സമ്മര്‍ദങ്ങളെ തുടര്‍ന്ന് ഇന്ദിര ഉദരസംബന്ധമായ അസ്വസ്ഥത അനുഭവിച്ചിരുന്നതായും മാഥൂര്‍ എഴുതുന്നു. പെരുമാറ്റത്തില്‍ മൃദുലത കാണിച്ച അവര്‍ വീട്ടുജോലിക്കാരെയെല്ലാം പേരുവിളിച്ചാണ് അഭിസംബോധന ചെയ്തിരുന്നത്. ആരോടും ദേഷ്യപ്പെട്ടില്ല. ലാളിത്യം അവരുടെ മുഖമുദ്രയായിരുന്നു. ജവഹര്‍ ലാല്‍ നെഹ്റുവിന്റെ വസതിയായിരുന്ന തീന്‍മൂര്‍ത്തി ഭവനിലേക്ക് താമസം മാറാന്‍ തയാറായില്ല. മകന് രാജീവ് ഗാന്ധി സോണിയയെ വിവാഹം ചെയ്തതിനുശേഷം മാത്രമാണ് രണ്ടു മുറികള്‍ അധികം പണിതതെന്നും പുസ്തകം പറയുന്നു.
രാജീവിന്റെ വിവാഹത്തിനുശേഷം സോണിയ രാജ്യത്തിന്റെ സാമൂഹികസാംസ്കാരിക രംഗങ്ങള്‍ ഉള്‍ക്കൊള്ളണമെന്നത് ഇന്ദിരയുടെ താല്പര്യമായിരുന്നു. അവധിദിനങ്ങള്‍ വായനക്കായിരുന്നു അവര്‍ ചെലവഴിച്ചത്. പ്രമുഖരുടെ ജീവചരിത്രങ്ങളായിരുന്നു താല്പര്യം. 1977ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ തോല്‍വി വിനയത്തോടെ അംഗീകരിച്ച അവര്‍ക്ക് പിന്നീട് ചെറിയ പ്രയാസങ്ങള്‍ നേരിട്ടു. അവര്‍ക്ക് അനുവദിച്ചിരുന്ന കാറും ടെലിഫോണ്‍ കണക്ഷനും നിര്‍ത്തലാക്കി. പല സുഹൃത്തുക്കളുടെയും നമ്പറുകള്‍ അവര്‍ മറന്നുപോയിരുന്നു. സഹായികളാരുമില്ലാതെ അവര്‍ ഒറ്റപ്പെട്ടപോലെയായിരുന്നെന്നും 151 പേജുള്ള പുസ്തകത്തില്‍ മാഥൂര്‍ പറയുന്നു. ഇന്ദിര ഗാന്ധി മതാഭിമുഖ്യം പുലര്‍ത്തിയിരുന്നെന്ന് മാത്രമല്ല, കടുത്ത അന്ധവിശ്വാസിയുമായിരുന്നെന്നും പ്രമുഖ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവര്‍ എങ്ങനെയും സമയം കണ്ടത്തെിയിരുന്നതായും അദ്ദേഹം എഴുതുന്നു.