അതിവേഗം കൊച്ചി മെട്രോ .

09:21 am 25/9/2016

images (5)
കൊച്ചി: രാജ്യത്തെ മെട്രോ ട്രെയിനുകളില്‍ ഏറ്റവും വേഗം ദൈര്‍ഘ്യമേറിയ പരീക്ഷണയോട്ടം പൂര്‍ത്തിയാക്കി കൊച്ചി മെട്രോ ചരിത്രം തിരുത്തി. ആലുവ മുട്ടം മുതല്‍ പാലാരിവട്ടം വരെ ഒമ്പത് കിലോമീറ്റര്‍ താണ്ടിയാണ് കേരളത്തിന്‍െറ സ്വപ്നപദ്ധതി ഈ നേട്ടം കൈവരിച്ചത്. നിര്‍മാണം ആരംഭിച്ച് കേവലം 1205 ദിവസംകൊണ്ടാണ് കൊച്ചി മെട്രോ ഒമ്പത് കിലോമീറ്റര്‍ പരീക്ഷണയോട്ടം നടത്തിയത്.
മെട്രോയുടെ പരമാവധി വേഗതയായ 90 കിലോമീറ്റര്‍ വേഗവും ഈ ഓട്ടത്തില്‍ കൈവരിച്ചു. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാണ് (ഡി.എം.ആര്‍.സി) ഈ നേട്ടങ്ങള്‍ക്ക്ചുക്കാന്‍പടിച്ചത്. രാജ്യത്തെ പ്രധാന മെട്രോ പദ്ധതിയായ ഡല്‍ഹി മെട്രോ പോലും നാല് വര്‍ഷത്തോളം പിന്നിട്ട ശേഷമാണ് ദീര്‍ഘദൂര പരീക്ഷണയോട്ടം നടത്തിയത്. 13 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആലുവ-പാലാരിവട്ടം പാതയില്‍ പരീക്ഷണയോട്ടം വൈകാതെയുണ്ടാകും. മുട്ടം-പാലാരിവട്ടം പാതയില്‍ ശനിയാഴ്ച പകല്‍ മൂന്നരയോടെയായിരുന്നു പരീക്ഷണയോട്ടം. മണിക്കൂറില്‍ പത്തുകിലോമീറ്റര്‍ വേഗത്തിലാണ് ഓട്ടം തുടങ്ങിയത്. ക്രമേണ വര്‍ധിപ്പിച്ച് 90 കിലോമീറ്റര്‍വരെ വേഗത്തില്‍ ട്രെയിന്‍ കുതിച്ചു. മെട്രോ നഗരം ആവേശപൂര്‍വമാണ് കടല്‍ നീല നിറമുള്ള മെട്രോ ട്രെയിനിനെ വരവേറ്റത്.
മുട്ടത്തുനിന്ന് എറണാകുളം ഭാഗത്തേക്കുള്ള മെട്രോ പാതയുടെ ഇടതുവശത്തെ അപ്ലൈന്‍ ട്രാക്കിലായിരുന്നു ഓട്ടം. മറുവശത്തെ ഡൗണ്‍ലൈന്‍ പാതയില്‍ തുടര്‍ന്നുള്ള ദിവസം ഓട്ടം നടത്തും. ട്രെയിന്‍ ഡൗണ്‍ലൈനിലേക്ക് മാറ്റാന്‍ കൂടുതല്‍ സമയം ആവശ്യമായതിനാലാണ് ശനിയാഴ്ച അപ്ലൈന്‍ മാത്രമായി തെരഞ്ഞെടുത്തത്. വരും ദിവസങ്ങളില്‍ ഇന്ത്യന്‍ റെയില്‍വേയുടെ റിസര്‍ച്, ഡിസൈന്‍സ് ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍ അധികൃതരുടെ മേല്‍നോട്ടത്തിലും പരീക്ഷണയോട്ടം നടത്തും. ഒക്ടോബര്‍ വരെയായിരിക്കും പരീക്ഷണയോട്ടം. ആലുവ മുതല്‍ പാലാരിവട്ടം വരെ മെട്രോ റെയിലിന്‍െറ ആദ്യഘട്ടം ഡിസംബറില്‍ പൂര്‍ത്തിയാകുമെന്നാണ് ഡി.എം.ആര്‍.സി മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ ശ്രീധരന്‍ അറിയിച്ചിരുന്നത്.