27-03-2016
കോഴിക്കോട് ചാത്തമംഗത്തിനടുത്ത് അനധികൃത വിദേശ മദ്യനിര്‍മ്മാണ യൂണിറ്റില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ലിറ്ററുകണക്കിന് വിദേശമദ്യം പിടികൂടി. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുക്കത്തിനടുത്താണ് അനധികൃത വിദേശ മദ്യനിര്‍മ്മാണ യൂണിറ്റ് പ്രവര്‍ത്തിച്ചുവന്നത്. വൈകീട്ട് വാഹന പരിശോധനക്കിടെ പിടിയിലായ ആള്‍ നല്‍കിയ വിവരമനുസരിച്ചായിരുന്നു റെയ്ഡ്. കണക്കില്‍ കൂടുതല്‍ മദ്യം കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടതാണ് മദ്യനിര്‍മാണ ശാലയിലേക്കുളള വഴിതുറന്നത്.
വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്ന മദ്യനിര്‍മ്മാണ കേന്ദ്രത്തില്‍ നിന്ന് സ്പിരിറ്റ് ഉള്‍പ്പെടെയുളള അസംസ്‌കൃത വസ്തുക്കള്‍ കണ്ടെടുത്തു. ഇതോടൊപ്പം നിരവധി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യ ബ്രാന്‍ഡുകളുടെ സ്റ്റിക്കറുകളും ബ്രാന്‍ഡ് രേഖപ്പെടുത്തിയ പെട്ടികളും വിവിധ അളവിലുളള മദ്യക്കുപ്പികളുമുണ്ട്. രണ്ടു വര്‍ഷം മുന്‍പ് ഈ കെട്ടിടം ചിലര്‍ വാടകക്ക് എടുത്തിരുന്നു. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. കാലങ്ങളായി ഇവിടെ വ്യാജമദ്യം നിര്‍മ്മിക്കുന്നതായി പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഈ വീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങളും മറ്റും നടക്കുന്നതായി നാട്ടുകാര്‍ നേരത്തെ തന്നെ പരാതി ഉന്നയിച്ചിരുന്നു.