04:33PM 25/6/2016
ശ്രീനഗര്‍: അനന്തനാഗ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് ഉജ്ജ്വല വിജയം. 12,000-ത്തോളം വോട്ടുകള്‍ക്കാണ് മെഹബൂബ വിജയിച്ചത്. 17,000-ത്തോളം വോട്ടുകള്‍ മെഹബൂബ നേടിയപ്പോല്‍ തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഹിലാല്‍ അഹമ്മദ് സാഹയ്ക്ക് 5,589 വോട്ടുകള്‍ മാത്രമാണ് നേടാനായത്. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി ഇഫ്തിഖര്‍ മിസ്ഗറും മത്സര രംഗത്തുണ്ടായിരുന്നു.
നിലവില്‍ അനന്തനാഗ് ലോക്സഭ മണ്ഡലത്തിലെ എംപിയായ മെഹബൂബ പിതാവ് മുഫ്തി മുഹമ്മദ് സെയിദിന്റെ നിര്യാണത്തെ തുടര്‍ന്ന് ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ശേഷമാണ് ഉപതെരഞ്ഞെടുപ്പിനെ നേരിട്ടത്.
വോട്ടിംഗ് മെഷീനില്‍ കൃത്രിമം നടന്നുവെന്നും അതിനാല്‍ പോളിംഗ് റദ്ദാക്കി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ കോണ്‍ഫറന്‍സ് വോട്ടെണ്ണല്‍ ബഹിഷ്കരിച്ചിരുന്നു. വോട്ടെണ്ണല്‍ സ്ഥലത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഹിലാല്‍ സാഹ വോട്ടിംഗ് മെഷീന് സീല്‍ ചെയ്തിട്ടുണ്ടായിരുന്നില്ലെന്ന് ആരോപിച്ചു. ഭരണപക്ഷത്തിന്റെ നേതൃത്വത്തില്‍ വ്യാജ തെരഞ്ഞെടുപ്പാണ് അനന്തനാഗില്‍ നടന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.