അനുഗ്രഹങ്ങളുടെ നിറവില്‍ കാനഡ എക്‌സാര്‍ക്കേറ്റ്; യുവജന വര്‍ഷാചരണവുമായി മുന്നോട്ട്

09:27 am 3/10/2016
Newsimg1_37727966
മിസ്സിസാഗ: “ഈശോയുടെ കുരിശിലാണ് രക്ഷ’ എന്ന സന്ദേശവുമായി കാനഡയിലെ സീറോ മലബാര്‍ കത്തോലിക്ക സഭയുടെ മിസ്സിസ്സാഗ എക്‌സാര്‍ക്കേറ്റിലെ യുവജനങ്ങള്‍ സമൂഹമധ്യത്തിലേക്ക്. അജപാലനവഴിയില്‍ കാനഡയിലെ വിശ്വാസികള്‍ക്ക് വെളിച്ചമേകുന്ന എക്‌സാര്‍ക്കേറ്റ് രൂപീകരണത്തിന്‍റേയും രൂപതാധ്യക്ഷന്‍ മാര്‍ ജോസ് കല്ലുവേലിയുടെ മെത്രാഭിഷേകത്തിന്‍റേയും ഒന്നാം വാര്‍ഷികം ആഘോഷിച്ച വേളയിലാണ് മാര്‍പാപ്പയുടെ കാനഡയിലെ പ്രതിനിധി റൈറ്റ് റവ. ലൂയിജി ബൊനാസ്സി യുവജനവര്‍ഷം പ്രഖ്യാപിച്ചത്. 2016 ഒക്ടോബര്‍മുതല്‍ 2017 ഡിസംബര്‍വരെയാണ് യുവജനവര്‍ഷം. യുവജനശാക്തീകരണത്തിലൂടെ കുടുംബം, സഭ, സമൂഹം എന്നിവയുടെ ശാക്തീകരണമാണ് മുഖ്യഅജണ്ട. റൈറ്റ് റവ. ലൂയിജി ബൊനാസ്സി ആശിര്‍വദിച്ചു കൈമാറിയ തിരുക്കുരിശുമായി യുവജന പ്രതിനിധികള്‍ ഇനി ഇടവകകളില്‍ തീര്‍ഥയാത്ര നടത്തി പ്രേഷിതദൌത്യത്തിനു ചൈതന്യംപകരും. യുവജന കണ്‍വെന്‍ഷന്‍, കൃതജ്ഞതാബലി, പൊതുസമ്മേളനം എന്നിവയോടുകൂടിയാണ് കനേഡിയന്‍ കോപ്റ്റിക് സെന്‍ററില്‍ എക്‌സാര്‍ക്കേറ്റ് ദിനം കൊണ്ടാടിയത്. കാനഡയിലെ എട്ടു പ്രോവിന്‍സുകളില്‍ നിന്നുമുള്ള ഇടവക ­ യുവജന പ്രാതിനിധ്യവും പ്രത്യേകതയായി. യൂത്ത് കണ്‍വെന്‍ഷനില്‍ ചിക്കാഗോ രൂപതാ യുത്ത് ഡയറക്ടര്‍ ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, എബിന്‍ കുര്യാക്കോസ് എന്നിവര്‍ സെമിനാര്‍ നയിച്ചു. എക്‌സാര്‍ക്കേറ്റ് അദ്ധ്യക്ഷന്‍മാര്‍ ജോസ് കല്ലുവേലിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയില്‍ ചിക്കാഗോ രൂപതാ സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് വചനസന്ദേശം നല്‍കി. എക്‌സാര്‍ക്കേറ്റില്‍സേവനം ചെയ്യുന്ന 12 വൈദികര്‍ സഹകാര്‍മികരായി. മാര്‍ ജോസ് കല്ലുവേലിയുടെ അദ്ധ്യക്ഷതയില്‍ചേര്‍ന്ന പൊതുസമ്മേളനത്തില്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ ലൂയിജി ബൊനാസ്സി നടത്തിയ യുവജന വര്‍ഷാചരണ പ്രഖ്യാപനം എക്‌സാര്‍ക്കേറ്റിന്‍റെ യുവജനമുന്നേറ്റത്തിന് കുതിപ്പേകുന്നതായി. കുരിശുമായി ലോകംചുറ്റുകയെന്ന ആഹ്വാനവുമായി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ യുവാക്കളില്‍ പകര്‍ന്ന ആവേശമാണ് അടുത്തവര്‍ഷം ഡിസംബര്‍ വരെ നീളുന്ന യുജനവര്‍ഷാചരണത്തിനു പ്രേരകമായതെന്നു മാര്‍ ജോസ് കല്ലുവേലില്‍ ചൂണ്ടിക്കാട്ടി. സഭയിലും സമൂഹത്തിലും യുവജനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്താണിതെന്നും സാമൂഹിക സംഘര്‍ഷങ്ങളെ മറികടക്കാന്‍ അവര്‍ക്കു കരുത്തേകുകയാണ് യജ്ഞത്തിന്‍റെ ലക്ഷ്യമെന്നും പറഞ്ഞു. എക്‌സാര്‍ക്കേറ്റിലെ യുവജനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ശേഖരിക്കുന്നതിനായി ഓരോ ഇടവകയിലും യുവജന സര്‍വേയും നടത്തും. സ്വന്തമായി ഒരു ദേവാലയംപോലുമില്ലാതെ ഒരുവര്‍ഷം മുന്‍പ് രൂപീകൃതമായ എക്‌സാര്‍ക്കേറ്റിന് ലഭിച്ച ദൈവാനുഗ്രഹങ്ങളുടെ അനുസ്മരണവും നന്ദിപ്രകാശനവുമായി വാര്‍ഷികാഘോഷം. മുപ്പത്തയ്യായിരത്തിലേറെ വിശ്വാസികളുള്ള എക്‌സാര്‍ക്കേറ്റിനു ലഭിച്ച അവര്‍ണനീയമായ ദൈവീകദാനങ്ങള്‍സ്വന്തമായി രണ്ടു ദേവാലയങ്ങള്‍, 10 ഇടവക സമൂഹങ്ങള്‍, 25 മിഷന്‍സമൂഹങ്ങള്‍, 22 വൈദികര്‍, ഒരു കര്‍മ്മലീത്താസന്യാസിനീ ഭവനം, ഒരു ഡീക്കന്‍, ബിഷപ്‌സ് ഹൌസ്, വൈദിക ഭവനം ­ എന്നിവ എക്‌സാര്‍ക്കേറ്റ് ചാന്‍സലര്‍ ഫാ. ജോണ്‍ മൈലംവേലില്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍വിവരിച്ചത് വിശ്വാസസമൂഹം ഹര്‍ഷാരവത്തോടെയാണ് സ്വീകരിച്ചത്. പാസ്റ്ററല്‍ കൌണ്‍സിലിനു പുറമെ മതബോധനം, ബൈബിള്‍­കുടുംബ­യുവജന പ്രേഷിതത്വം, കരിസ്മാറ്റിക് നവീകരണം, സാമൂഹികക്ഷേമം എന്നിങ്ങനെ പതിനേഴ് പ്രേഷിത മേഖലകള്‍രൂപീകരിക്കാനായതും ദൈവജനത്തിന് ആവേശംപകരുന്നതായി. എക്‌സാര്‍ക്കേറ്റിലെ പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മീഡിയ സെന്‍ററിന്‍റെയും വെബ് സൈറ്റിന്‍റെയും ഉദ്ഘാടനം മാര്‍ ജോയ് ആലപ്പാട്ട് നിര്വഹിച്ചു. പ്രവിശ്യാ പാര്‍ലമെന്‍റ് അംഗങ്ങളായ ഹരീന്ദര്‍ തക്കര്‍ എംപിപി സ്മരണികയുടെയും ബോബ് ഡെലനെ എംപിപി രൂപതാ ഡയറക്ടറിയുടെ പ്രകാശനവും നിര്‍വഹിച്ചു. കേരള ക്രിസ്ത്യന്‍ എക്യുമെനിക്കല്‍ ഫെലോഷിപ്പ് പ്രസിഡന്‍റ് റവ. ഫാ. ജോണ്‍ തോമസ് യോഹന്നാന്‍, പാസ്റ്ററല്‍ കൌണ്‍സില്‍ അംഗം ശ്രീ. തോമസ് കണ്ണമ്പുഴ തുടങ്ങിയവര്‍ പ്രസംഗിച്ചു. വികാരി ജനറല്‍ വെരി റവ. ഫാദര്‍ ജോണ്‍ കുടിയിരുപ്പില്‍ സ്വാഗതവും ജനറല്‍കണ്‍വീനര്‍ശ്രീ. സാബു ജോര്‍ജ് നന്ദിയും അര്‍പ്പിച്ചു. മനോഹരമായ ഗാനങ്ങളിലൂടെ ഗായകസംഘം ചടങ്ങുകള്‍ക്ക് ആത്മീയചൈതന്യം പകര്‍ന്നു. പ്രോഗ്രാം കോ­ഓര്‍ഡിനേറ്റര്‍ ഫാ. തോമസ് വാലുമ്മല്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍­കി.