അനുഷ്­ഠാനങ്ങളെയും ആചാരങ്ങളെയും നിലനിര്‍ത്തിക്കൊണ്ട് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണം: മാര്‍ ജോര്‍ജ് ആലഞ്ചേരി

10:10am 04/7/2016

Newsimg1_98321685
കൊച്ചി: എല്ലാ വിഭാഗം ജനങ്ങളുടെയും പാരമ്പര്യങ്ങളെയും അനുഷ്­ഠാനങ്ങളെയും ആചാരങ്ങളെയും നിലനിര്‍ത്തിക്കൊണ്ടു തന്നെ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനാണു സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടതെന്ന് സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്­ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അഭിപ്രായപ്പെട്ടു. മതങ്ങളുടെയും വിശ്വാസങ്ങളുടെയും സ്വാതന്ത്ര്യത്തെ ഹനിക്കാത്ത തരത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതു സ്വാഗതാര്‍ഹമാണ്. ഇക്കാര്യത്തില്‍ അഭിപ്രായ സമന്വയം രൂപപ്പെടുത്തേണ്ടതുണ്ടെന്നും കര്‍ദിനാള്‍ വ്യക്തമാക്കി.

അതിനിടെ ഏകീകൃത വ്യക്തിനിയമത്തെക്കുറിച്ചു ചര്‍ച്ചകള്‍ ഉയര്‍ത്തി വര്‍ഗീയധ്രുവീകരണം സൃഷ്ടിക്കാനുള്ള ബിജെപിയുടെ ശ്രമം ആത്മഹത്യാപരമാണെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി. യുപി നിയമസഭാ തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടുള്ള സ്റ്റണ്ടില്‍നിന്നു ബിജെപിയും കേന്ദ്രസര്‍ക്കാരും പിന്മാറണം.

ലോക്‌സഭയിലേക്കോ നിയമസഭയിലേക്കോ തിരഞ്ഞെടുപ്പു വരുമ്പോള്‍ ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ പറ്റിയ എന്തെങ്കിലും അജന്‍ഡ ബിജെപി കൊണ്ടുവരും. ഏകീകൃത വ്യക്തിനിയമം, അയോധ്യ, കശ്മീരിനു പ്രത്യേക പദവി, യുപി കൈരണ ഗ്രാമത്തില്‍നിന്നു ജനങ്ങളുടെ ഒഴിഞ്ഞുപോക്ക് എന്നിങ്ങനെ മതസൗഹാര്‍ദം തകര്‍ക്കാനും സാമുദായിക ധ്രുവീകരണം ഉണ്ടാക്കാനുമുള്ള തന്ത്രങ്ങളാണ് അവര്‍ പയറ്റുന്നും ആന്റണി പ­റഞ്ഞു.