അപ്പാര്‍ട്ട്‌മെന്റ് തീപിടിത്തത്തെക്കുറിച്ച് അന്വേഷണം ഊര്‍ജിതപ്പെടുത്തി

09.49 AM 30/10/2016
unnamed (2)
പി. പി. ചെറിയാന്‍
ഹില്‍സ്ബരാവോ(ന്യൂജഴ്‌സി): ന്യൂജഴ്‌സി ഹില്‍സ്ബരാവോ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന് തീപിടിച്ച് മലയാളി കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ മരിച്ച സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. ഞായരാഴ്ച രാത്രി പത്ത് മണിയോടെയാണ് ഫാം റോഡിലുളള അപ്പാര്‍ട്ട്‌മെന്റിന് തീപിടിച്ചത്. ഇരുപത് അടി വരെ ഉയര്‍ന്ന തീനാളങ്ങളില്‍ നിന്നും രക്ഷപ്പെടാനാകാതെ രണ്ടാം നിലയില്‍ താമസിച്ചിരുന്ന മലയാളി ദമ്പതിമാരായ വിനോദ് ദാമോദരന്‍(41) ശ്രീജ, മകള്‍ ആര്‍ദ്ര (14) എന്നിവരാണ് മരണത്തിന് കീഴടങ്ങിയത്.
ബയോമെഡിക്കല്‍ രംഗത്തു വിവിധ ഗവേഷണങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന വിനോദിന്റെയും ഭാര്യയുടേയും വിദ്യാര്‍ത്ഥിനിയായ മകളുടേയും മരണം മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി. കൊളറാഡോയില്‍ നിന്നും രണ്ടു വര്‍ഷം മുമ്പാണ് ഇവര്‍ ഇവിടേക്ക് താമസം മാറ്റിയത്.
ഔദ്യോഗികമായി പൊലീസ് ഇതുവരെ മരിച്ചവരുടെ പേര്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മൃതശരീരങ്ങള്‍ വിട്ടു കിട്ടുന്നതിനും തുടര്‍ന്നുളള ചടങ്ങുകള്‍ക്കായും വിവിധ മലയാളി സംഘടനകള്‍ അധികാരികളുമായി ബന്ധപ്പെട്ടുവരുന്നു.