അഭിനയിപ്പിക്കില്ലെന്ന് പേടിക്കുന്നില്ലെന്ന് സലിംകുമാര്‍; യുഡിഎഫിന് വേണ്ടി ജഗതിയുടെ മകളും

04:20pm 14/5/2016

salim
കൊച്ചി: കലാകാരന്‌ നട്ടെല്ലുണ്ടായിരിക്കണമെന്നും താല്‍ക്കാലിക ലാഭത്തിന്‌ പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും രാജിയുടെപേരില്‍ അഭിനയിപ്പിക്കില്ലെന്ന തീരുമാനത്തെ ഭയക്കുന്നില്ലെന്നും നടന്‍ സലിംകുമാര്‍. പത്തനാപുരത്ത്‌ ഇടതു സ്‌ഥനാര്‍ഥി കെ.ബി. ഗണേഷ്‌കുമാറിനുവേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനു പോയതില്‍ പ്രതിഷേധിച്ച്‌ രാജിവെച്ച സലിംകുമാര്‍ ഇനി സംഘടനയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നു തിരിച്ചറിഞ്ഞാണു രാജിയെന്നും തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്നും പറഞ്ഞു.
രാജിക്കത്ത്‌ അമ്മയുടെ ജനറല്‍ സെക്രട്ടറി മമ്മൂട്ടിക്കാണ് സലിംകുമാര്‍ അയച്ചു കൊടുത്തത്. അഭിനയിപ്പിക്കില്ല എന്ന് തീരുമാനം ഭാവിയെ ബാധിക്കുന്നതാണെങ്കിലും അതൊന്നും പേടിച്ച്‌ ജീവിക്കാന്‍ പറ്റില്ല. സിനിമാ നടനായിട്ട്‌ 20 കൊല്ലമായി. അതിനുമുന്‍പ്‌ 26 കൊല്ലം സിനിമ നടനല്ലാതെ ജീവിച്ചതാണ്‌. അതുകൊണ്ട്‌ അത്തരത്തിലുള്ള പേടിയൊന്നുമില്ല. അമ്മയിലെ സാധാരണ മെമ്പര്‍മാര്‍ക്ക്‌ നീതി ലഭിക്കണമെന്നാണ്‌ തന്റെ നിലപാടെന്ന്‌ സലിംകുമാര്‍ വ്യക്‌തമാക്കി.
പത്തനാപുരത്ത്‌ പോയത്‌ താരസംഘടനയുടെ നേതാവ്‌ തന്നെയാണ്‌. അമ്മയില്‍ അംഗങ്ങളായ മറ്റു രണ്ടു താരങ്ങളാണ്‌ ഗണേഷിന്റെ എതിരാളികള്‍. സിനിമാ താരങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ പോയി പക്ഷംപിടിച്ച്‌ പ്രചാരണം നടത്തരുതെന്ന്‌ അമ്മയില്‍ ധാരണയുണ്ടെന്നും അത്‌ ഭാരവാഹികള്‍ തന്നെ ലംഘിച്ചിരിക്കുകയാണ്. ജഗദീഷിന്‌ നല്‍കിയ വാക്ക്‌ തെറ്റിച്ചാണ്‌ മോഹന്‍ലാല്‍ പത്തനാപുരത്ത്‌ പ്രചാരണത്തിന്‌ പോയത്‌. പ്രചാരണത്തിനു വരില്ലെന്ന്‌ പത്തനാപുരത്തെ യു.ഡി.എഫ്‌ സ്‌ഥനാര്‍ഥിയായ ജഗദീഷിനോട്‌ മോഹന്‍ലാല്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ പത്തനാപുരത്ത്‌ സന്ദര്‍ശനം നടത്തിയതില്‍ വേദനയുണ്ടെന്ന്‌ ജഗദീഷ്‌ എന്നോട്‌ നേരിട്ട്‌ പറഞ്ഞു.
ജഗദീഷിനെയും ഭീമന്‍ രഘുവിനെയും ഈ സംഭവം വളരെ വേദനപ്പിച്ചിട്ടുണ്ട്‌. സിനിമാ താരങ്ങള്‍ പരസ്‌പരം മല്‍സരിക്കുന്ന സ്‌ഥലത്ത്‌ ഏതെങ്കിലുമൊരു താരത്തിനുവേണ്ടി പ്രചാരണം നടത്തരുതെന്ന അലിഖിത നിയമം സംഘടനയില്‍ നിലവിലുണ്ട്. ഇതു പുതിയ തീരുമാനമല്ല. താരങ്ങള്‍ മല്‍സരിക്കുന്നിടത്ത്‌ പ്രചാരണം വേണ്ടെന്ന്‌ അമ്മയില്‍ നേരത്തെ തന്നെയുള്ള ധാരണയാണ്‌. എന്നാല്‍, നിയമത്തില്‍ എഴുതിച്ചേര്‍ത്തിട്ടില്ല. പോകരുതെന്നു മൊത്തം അംഗങ്ങളോട്‌ വിളിച്ചുപറഞ്ഞിട്ട്‌ പറഞ്ഞവര്‍ തന്നെ അതു ലംഘിച്ചത്‌ ശരിയായില്ല. അമ്മ ഭാരവാഹികളല്ലാത്ത ജയറാമും കവിയൂര്‍ പൊന്നമ്മയും പ്രചാരണത്തിനു പോയതില്‍ തെറ്റില്ലെന്നും താരം പറഞ്ഞു.
അതിനിടയില്‍ യു.ഡി.എഫ്‌. സ്‌ഥാനാര്‍ഥി അനൂപ്‌ ജേക്കബിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ ഭാഗമായി നടക്കുന്ന വനിതാ കൂട്ടായ്‌മകളില്‍ സജീവമായി നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്‌മിയും. ആമ്പല്ലൂര്‍ പഞ്ചായത്തില്‍ പുതുവാശേരിയില്‍ നടന്ന വനിതാസംഗമത്തില്‍ മുഖ്യപ്രഭാഷക ശ്രീലക്ഷ്‌മിയായിരുന്നു. വാഹനാപകടത്തില്‍ പരുക്കേറ്റു ഗുരുതരാവസ്‌ഥയില്‍ കഴിഞ്ഞിരുന്ന പിതാവിനെ കാണാന്‍ ബന്ധുക്കള്‍ അനുവദിക്കാതിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സഹായം കൊണ്ടാണ്‌ തങ്ങള്‍ക്ക്‌ അത്‌ സാധിച്ചതെന്നു ശ്രീലക്ഷ്‌മി പറഞ്ഞു. എം.ജി. സര്‍വകലാശാല സെനറ്റ്‌ അംഗം കൂടിയായ ശ്രീലക്ഷ്‌മി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യു.ഡി.എഫിനുവേണ്ടി പ്രചാരണത്തിനെത്തുന്നുണ്ട്‌. അന്തരിച്ച ടി.എം. ജേക്കബും ജഗതി ശ്രീകുമാറും വിദ്യാഭ്യാസകാലം മുതല്‍ സുഹൃത്തുക്കളായിരുന്നെന്നും ആ ബന്ധമൂലമാണ്‌ അദ്ദേഹത്തിന്റെ മകന്‍ അനൂപ്‌ ജേക്കബിന്റെ തെരഞ്ഞെടുപ്പുവേദിയില്‍ വരാന്‍ ആഗ്രഹമുണ്ടായതെന്നും ശ്രീലക്ഷ്‌മി പറഞ്ഞു.