അഭിപ്രായ സ്വാതന്ത്ര്യത്തെ മോദി അടിച്ചമർത്തുന്നുവെന്ന് രാഹുൽ ഗാന്ധി

02.07 PM 07/11/2016
rahulnew_07011016
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി. ഇന്ത്യൻ ജനാധിപത്യം അതിന്റെ കറുത്ത ദിനങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും അതിനു കാരണം മോദിയും എൻഡിഎയുമാണെന്നും രാഹുൽ കുറ്റപ്പെടുത്തി. എതിർപ്പ് അറിയിക്കുന്നവരെ അടിച്ചമർത്താനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നു പറഞ്ഞ രാഹുൽ സംശയം പ്രകടിപ്പിക്കുന്നവരെ രാജ്യ സുരക്ഷയുടെ പേരു പറഞ്ഞ് നിശബ്ദരാക്കാനാണ് മോദിയുടെ ശ്രമമെന്നും തുറന്നടിച്ചു.

ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിനെതിരെയുള്ള സമരപരിപാടികൾ ശക്‌തമാക്കണമെന്നു പറഞ്ഞ രാഹുൽ വരും തെരഞ്ഞെടുപ്പുകളിൽ സർക്കാരിന്റെ പോരായമകൾ പ്രചരണായുധമാക്കണമെന്നും ആഹ്വാനം ചെയ്തു. പാർലമെന്റിലും ഇക്കാര്യം ഉന്നയിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി സംബന്ധിച്ചും രാഹുൽ സർക്കാരിനെതിരെ വിമർശനമുന്നയിച്ചു.