അഭിഷേകം നടത്തി പാല്‍ ഒഴുക്കി കളയരുതെന്ന അപേക്ഷയുമായി ക്ഷീര കര്‍ഷക സംഘടന

01:05pm 18/07/2016
download (2)
ചെന്നൈ: രജനികാന്തിന്റെ പുതിയ ചിത്രം കബാലിയുടെ റിലീസ് ദിനം അടുക്കുമ്പോള്‍ പാലഭിഷേകം നടത്താനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഇതുമുന്നില്‍ കണ്ട് അഭിഷേകം നടത്തി പാല്‍ ഒഴുക്കി കളയരുതെന്ന അപേക്ഷയുമായി രംഗത്തത്തെിയിരിക്കുകയാണ് തമിഴ്നാട്ടിലെ ക്ഷീര കര്‍ഷകരുടെ സംഘടന. പുതിയ ചിത്രം റിലീസ് ചെയ്യുന്ന ദിനം തമിഴ് സൂപ്പര്‍ താരങ്ങളുടെ കട്ടൗട്ടുകള്‍ക്ക് മുകളിലൂടെയുളള പാലഭിഷേകം ആരാധകരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാകാത്ത ഒരു കാര്യമാണ്. ആയിരക്കണക്കിന് ലിറ്റര്‍ പാലാണ് ഇത്തരത്തില്‍ ആരാധകര്‍ ഒഴുക്കി കളയാറുള്ളത്.

പാല്‍ വെറുതെ പാഴാക്കി കളയരുതെന്ന് തമിഴ്നാട് മില്‍ക്ക് ഡീലേഴ്സ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവ് എസ്.എ പൊന്നു സ്വാമി പറയുന്നു. ഇത് തടയാന്‍ ആവശ്യപ്പെട്ട് രജനികാന്തിനെ സമീപിക്കാന്‍ തയ്യാറെടുക്കുകയാണ് സംഘടന. പാലഭിഷേകത്തിന് പകരം രക്തനദാനം നടത്താന്‍ ആരാധകരോട് നിര്‍ദേശിക്കണമെന്നാണ് ഇവരുടെ ആവശ്യം.

രാവും പകലുമില്ലാതെ വെയിലും മഴയും കൊണ്ട് വീടുകളില്‍ പാല്‍ പാക്കറ്റ് എത്തിക്കുന്ന ഒന്നരലക്ഷം വിതരണക്കാര്‍ സംഘടനയിലുണ്ടെന്ന് പൊന്നു സ്വാമി പറഞ്ഞു. വിജയുടെ ‘തെറി’ റിലീസ് ചെയ്ത സമയത്ത് കട്ടൗട്ടുകളില്‍ പാലൊഴുക്കാന്‍ ആരാധകര്‍ പാല്‍ മോഷ്ടിച്ച സംഭവം വരെയുണ്ടായി. ആരാധകരെ ഇത്തരം കാര്യങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാന്‍ താരങ്ങള്‍ തയാറാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട്ടില്‍ മാത്രമല്ല ഇത്തരം പാലഭിഷേകം നടക്കുന്നത്. രജനികാന്തിന്‍്റെ ‘എന്തിരന്‍’ റിലീസ് ചെയ്ത സമയത്ത് അമേരിക്കയിലെ സിറ്റിയിലുള്ള തിയേറ്ററില്‍ ആരാധകര്‍ പാലഭിഷേകം നടത്തിയത് വാര്‍ത്തയായിരുന്നു. വിജയുടെ ‘നന്‍പന്‍’ റിലീസ് ചെയ്യന്ന മുംബൈയിലും സമാന സംഭവം നടന്നിരുന്നു.