അമിറുള്‍ ഇസ്‌ലാം മുഖം കേരളം കണ്ടു

10:09am 01/7/2016
2016july01ameer_al_isalam

കൊച്ചി/പെരുമ്പാവൂര്‍: കോടതി വളപ്പിനു പുറത്ത് ജനം രോഷാകുലരാകുമ്പോഴും അക്ഷോഭ്യനായി പ്രതി അമിറുള്‍ ഇസ്‌ലാം. തികച്ചും നിര്‍വികാരന്‍. കൊലപ്പുള്ളികള്‍ സാധാരണ കാണിക്കുന്ന ക്ഷോഭമോ കടുത്ത വികാരങ്ങളോ മുഖത്ത് തെളിഞ്ഞില്ല. മുഖം മറയ്ക്കാതെ ആദ്യമായി പോലീസ് എത്തിച്ച പ്രതിയെ കാണാനായി നൂറുകണക്കിന് ആളുകളാണ് പെരുമ്പാവൂര്‍ കോടതി പരിസരത്ത് തടിച്ചുകൂടിയത്. എന്നാല്‍, കഴിഞ്ഞ തവണ പ്രതിയെ ഹാജരാക്കിയപ്പോള്‍ ഉണ്ടായത്ര വലിയ ആള്‍ക്കൂട്ടമായിരുന്നില്ല ഇന്നലത്തേത്. കോടതിവളപ്പിലും സമീപ പ്രദേശങ്ങളിലും പതിവുപോലെ കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും മാധ്യമപ്രവര്‍ത്തകരെയും ഒഴികെയുള്ളവരെ പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിവളപ്പിലേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. പോലീസ് വാഹനത്തില്‍ വൈകുന്നേരം നാലോടെ തന്നെ പ്രതിയെ കോടതി വളപ്പിലേക്ക് എത്തിച്ചെങ്കിലും വാഹനത്തി ല്‍നിന്ന് ഇറക്കാതെ ഇരുത്തിയിരിക്കുകയായിരുന്നു.

ചാരനിറത്തിലുള്ള മുക്കാല്‍ പാന്റ്‌സും വെള്ളയും നീലയും മഞ്ഞയും വരകളുള്ള ടീഷര്‍ട്ടുമായിരുന്നു പ്രതിയുടെ വേഷം. പോലീസ് വണ്ടിയില്‍ ഇരുന്ന് ഇടയ്ക്കിടെ തന്നെ ചുറ്റുന്ന കാമറക്കണ്ണുകളിലേക്ക് നിര്‍വികാരനായി നോക്കും. ഇടയ്ക്കു ചെറുചിരി മുഖത്ത് മിന്നിമറയുന്നതുപോലെ. കുറച്ചുനേരം കുനിഞ്ഞിരിക്കും. മറ്റു ചേഷ്ടകള്‍ ഒന്നുമില്ല. കോടതിയിലേക്ക് കയറിപ്പോയതും ഇറങ്ങിവന്നതും ഒരേ മുഖഭാവത്തോടെ.

പ്രതിയെയുംകൊണ്ട് പോലീസ് വാഹനം കോടതിവളപ്പിലെത്തിയപ്പോള്‍ വളരെ കുറച്ചാളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, മുഖം മറയ്ക്കാതെയാണ് പ്രതിയെ എത്തിച്ചിരിക്കുന്നതെന്ന വാര്‍ത്ത മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെ ജനം തടിച്ചുകൂടി. തുടര്‍ന്ന് മതിലിനു മുകളിലും മരച്ചില്ലകളിലും ഒക്കെ ആളുകള്‍ ആര്‍ത്തു. പലര്‍ക്കും പ്രതിയുടെ മുഖം നേരത്തേ കാണിക്കാതിരുന്നതില്‍ രോഷം.

നേരത്തേ തന്നെ മുഖം മറയ്ക്കാതെ ഇയാളെ കൊണ്ടുവന്നിരുന്നെങ്കില്‍ തങ്ങളെകൊണ്ട് ആവുന്ന സഹായം അന്വേഷണത്തിനു ചെയ്യാമായിരുന്നുവെന്ന് ചിലര്‍ പറഞ്ഞു. ടെലിവിഷനില്‍ മുഖം കണ്ടശേഷം സ്ഥലത്തെ ത്തിയ മറ്റു ചിലരാവട്ടെ ഇങ്ങയൊരാളെ മുമ്പ് അവിടെയെങ്ങും കണ്ടിട്ടില്ലെന്നു പ്രതികരിച്ചു. പ്രതിയെയും വഹിച്ചുകൊണ്ടുള്ള പോലീസ് വാഹനം കാക്കനാട് ജില്ലാ ജയിലിലേക്കു പോകുന്നതിനായി കോടതിവളപ്പില്‍നിന്നു പുറത്തേക്ക് വന്നപ്പോള്‍ കൂടിനിന്ന ചിലര്‍ കൂക്കി വിളിക്കുന്നുണ്ടായിരുന്നു.