അമൃത്സർസുവർണ ക്ഷേത്രത്തിൽ പാത്രം കഴുകി കെജ് രിവാളിന്‍റെ പ്രായശ്ചിത്തം

01:55 PM 18/07/2016

അമൃത്സർ: ആം ആദ്മിയുടെ പ്രകടനപത്രികയിൽ സുവർണ ക്ഷേത്രത്തിലെ ചിത്രം ഉപയോഗിച്ച തെറ്റിന് പാർട്ടി സ്ഥാപകനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ് രിവാളിന്‍റെ പ്രായശ്ചിത്തം. പാർട്ടി പ്രവർത്തകർ ചെയ്ത തെറ്റിന് മാപ്പപേക്ഷയുടെ ഭാഗമായി സ്വമേധയാ പാത്രങ്ങൾ വൃത്തിയാക്കിയാണ് കെജ് രിവാൾ പ്രായശ്ചിത്തം ചെയ്തത്. പ്രവർത്തകർ മനഃപൂർവമല്ലാതെ ചെയ്ത തെറ്റിന് താൻ പ്രായശ്ചിത്തം ചെയ്തതായി കെജ് രിവാൾ മാധ്യമങ്ങളോട് പറഞ്ഞു. സുവർണ ക്ഷേത്രത്തിൽ 45 മിനിട്ട് കെജ് രിവാൾ ചെലവഴിച്ചു.

ആം ആദ്മി പാർട്ടിയുടെ യൂത്ത് വിഭാഗം പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ഗുരുതര തെറ്റ് സംഭവിച്ചത്. സിഖ് വിഭാഗക്കാരുടെ ആരാധനാലയമായ പഞ്ചാബിലെ സുവർണ ക്ഷേത്രത്തിന്‍റെ ചിത്രം പാർട്ടി ചിഹ്നമായ ചൂലിനൊപ്പം അച്ചടിച്ചത്. യുവജന വിഭാഗത്തിന്‍റെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചയെ രൂക്ഷ ഭാഷയിൽ കെജ് രിവാൾ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. ഇതുകൂടാതെയാണ് സ്വന്തം ഇഷ്ടപ്രകാരം പാത്രങ്ങൾ വ-ൃത്തിയാക്കി പ്രായശ്ചിത്തം ചെയ്തത്.

മുമ്പ് സുവർണ ക്ഷേത്രത്തിൽ നടന്ന ബ്ളൂ സ്റ്റാർ ഒാപറേഷനെതിരെ നിലപാട് സ്വീകരിക്കാതിരുന്ന മുൻ കേന്ദ്രമന്ത്രി ഭൂട്ടാ സിങ്ങിന് സിഖ് മുഖ്യ പുരോഹിതൻ ശിക്ഷ വിധിച്ചിരുന്നു. ഗുരുദ്വാരകളിൽ എത്തുന്ന ഭക്തരുടെ ചെരുപ്പുകളും അടുക്കള സാമഗ്രികളും വൃത്തിയാക്കണമെന്നും സിഖ് ആത്മീയ ഗാനങ്ങൾ കേൾക്കണമെന്നുമായിരുന്നു ശിക്ഷ. ഇതുപ്രകാരം ദിവസം ഒരു മണിക്കൂർ വീതം വിവിധ ഗുരുദ്വാരകളിൽ എത്തി ഭൂട്ടാ സിങ് ശിക്ഷ അനുഭവിച്ചിരുന്നു.