അമേരിക്കന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് പോരാളി കിംബോ സ്ലൈസ് അന്തരിച്ചു

01:33pm 7/6/2016
1465283945_1465283945_kimbo-slice271
ഫ്‌ളോറിഡ: പ്രമുഖ അമേരിക്കന്‍ മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് (എം.എം.എ) പോരാളിയും നടനുമായ കിംബോ സ്ലൈസ് (42) അന്തരിച്ചു. സൗത്ത് മിയാമിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ല. അമേരിക്കന്‍ സമയം തിങ്കളാഴ്ച രാത്രിയാണ് സ്ലൈസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ വീട് പോലീസ് സീല്‍ ചെയ്തു. അസ്വഭാവികമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.
കെവിന്‍ ഫെര്‍ഗൂസണ്‍ എന്നാണ് സ്ലൈസിന്റെ യഥാര്‍ത്ഥപേര്. ബഹാമാസിലെ നാസ്സൗവില്‍ ജനിച്ച കെവിന്‍ 1974ല്‍ അമേരിക്കയിലേക്ക് കുടുംബത്തോടൊപ്പം കുടിയേറുകയായിരുന്നു.
2009ല്‍ യു.എഫ്‌സിയുമായി കരാറില്‍ ഏര്‍പ്പെട്ടാണ് സ്ലൈസ് ആയോധകലയില്‍ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. ആദ്യ മത്സരത്തില്‍ റോയ് നെല്‍സനോട് പരാജയപ്പെട്ട സ്ലൈസ് കഴിഞ്ഞ വര്‍ഷം എംഎംഎയുമായി കരാരില്‍ ഏര്‍പ്പെട്ടു. കെന്‍ ഷാംറോകിനെയും ധഫിര്‍ ഹാരീസിനെയും മലര്‍ത്തിയടിച്ചാണ് സ്ലൈസ് കരുത്ത് തെളിയിച്ചത്.
എന്നാല്‍ ഫെബ്രുവരിയില്‍ മാംസപേശികള്‍ ദൃഢമാക്കുന്നിതുള്ള മരുന്ന് ഉപയോഗത്തില്‍ പിടിക്കപ്പെട്ട സ്ലൈസിന് 2,500 ഡോളര്‍ പിഴ അടക്കേണ്ടിവന്നിരുന്നു. ഫൈറ്റിംഗ് ലൈസന്‍സും ടെക്‌സസ് എടുത്തുനീക്കിയിരുന്നു.
2012ല്‍ പുറത്തിറങ്ങിയ ദ സ്‌കോര്‍പിയോണ്‍ കിംഗ്3: ബാറ്റില്‍ ഫോര്‍ റെഡെംപ്ഷന്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു.