01:04 pm 25/08/2016
കാബൂള്‍: അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ അമേരിക്കന്‍ യൂനിവേഴ്സിറ്റിയില്‍ ഭീകരാക്രമണം നടത്തിയവരെ വധിച്ചു. കാബൂൾ പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് അക്രമികളെ വധിച്ചത്. ഇതോടെ 10 മണിക്കൂർ നീണ്ട ആശങ്കയാണ് അവസാനിച്ചത്.
സ്ഫോടനങ്ങളും വെടിവെപ്പും ഉണ്ടായതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും യൂനിവേഴ്സിറ്റിയിലെ ക്ലാസ് മുറികളില്‍ കുടുങ്ങിയിരുന്നു. ഇവരെ രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ഒരു വിദ്യാർഥി മരിക്കുകയും 26 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
2006ലാണ് അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്താന് പ്രവര്‍ത്തനമാരംഭിച്ചത്. സായാഹ്ന കോഴ്സുകളില്‍ ഉള്‍പ്പെടെ 1700ഓളം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്.
സര്‍വകലാശാലയിലെ രണ്ട് അധ്യാപകരെ ഈ മാസമാദ്യം തട്ടിക്കൊണ്ടു പോയിരുന്നു. ഇവരില്‍ ഒരാള്‍ അമേരിക്കക്കാരനും മറ്റൊരാള്‍ ആസ്ട്രേലിയക്കാരനുമാണ്. ആക്രമത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.