അമേരിക്കയില്‍ ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍

09:44 am 22/8/2016

Newsimg1_49162446
ന്യൂയോര്‍ക്ക് : ക്വീന്‍സില്‍ ദുരൂഹമായ സാഹചര്യത്തില്‍ ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ രണ്ടാനമ്മ അറസ്റ്റില്‍. അഷ്ദീപ് കൗര്‍ (9 വയസ്) ആണ് ന്യൂയോര്‍ക്കിലെ ക്വീന്‍സിലുള്ള അപ്പാര്‍ട്‌മെന്റിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്. കുട്ടിയുടെ രണ്ടാനമ്മ സാംദി പര്‍ദാസ് (55) ആണു പൊലീസ് പിടിയിലായത്. ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റത്തിനു പൊലീസ് കേസെടുത്തു.

മൂന്നുമാസം മുന്‍പാണ് അഷ്ദീപ് ഇന്ത്യയില്‍നിന്നു ന്യൂയോര്‍ക്കിലുള്ള പിതാവ് സുഖ്ജിന്ദര്‍ സിങ്ങിന്റെ അടുത്തെത്തിയത്. അഷ്ദീപിന്റെ അമ്മയുമായി വേര്‍പിരിഞ്ഞശേഷമാണ് സുഖ്ജിന്ദര്‍ സാംദിയെ വിവാഹം ചെയ്തത്. അഷ്ദീപിന്റെ അമ്മ ഇന്ത്യയിലാണ്.

അഷ്ദീപിനെയും കൂട്ടി സാംദി കുളിമുറിയിലേക്കു പോകുന്നതു കണ്ടതായി ഇവരുടെ അപ്പാര്‍ട്‌മെന്റിലെ താമസക്കാരിലൊരാള്‍ പറഞ്ഞു. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ സാംദി മാത്രം പുറത്തേക്കുവന്നു. അഷ്ദീപ് എവിടെയെന്നു ചോദിച്ചപ്പോള്‍ കുളിക്കുകയാണെന്നു പറഞ്ഞിട്ട് പുറത്തേക്കു പോയി. ഏറെ നേരം കഴിഞ്ഞിട്ടും അഷ്ദീപിനെ കാണാതായപ്പോള്‍ കുളിമുറിയില്‍ ചെന്നുനോക്കി. അവിടെ കുട്ടി മരിച്ചു കിടക്കുന്നതാണു കണ്ടതെന്നും അവര്‍ പറഞ്ഞു.