അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ചു

11.20 PM 02-08-2016
thumb_COLOURBOX6293704
കൊച്ചി: അമ്മയും കുഞ്ഞും കിണറ്റില്‍ വീണ് മരിച്ചു. കൂത്താട്ടുകുളം ഇലഞ്ഞിയിലാണ് സംഭവം. ഇലഞ്ഞി മുത്തംകുന്ന് അന്തിക്കാട്ടുങ്ങല്‍ ജോസ് മാത്യുവിന്റെ ഭാര്യ ബിജി ജോസ് (47), മകന്‍ മാത്യു ജോസ് (10) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് 6.15 ഓടെയാണ് സംഭവം. ഓട്ടിസവും ഹൈപ്പര്‍ ആക്ടിവിറ്റിയുമുള്ളയാളാണ് കര്‍ഷകനായ ജോസിന്റെ ഇളയ കുട്ടിയായ മാത്യു ജോസ്. ഇന്നലെ വൈകിട്ട് വീടിന് സമീപം മാത്യു കളിച്ചുകൊണ്ടിരുന്നതായി സമീപവാസികള്‍ കണ്ടിരുന്നു. ഇതിനിടയിലെപ്പോഴോ വീട്ടുമുറ്റത്തുള്ള കിണറ്റില്‍ വീണതാകാമെന്ന് സംശയിക്കുന്നു. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അമ്മ ബിജിയും കിണറ്റില്‍ വീഴുകയായിരുന്നു. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും അഗ്‌നിശമന സേനയും ചേര്‍ന്ന് ഇരുവരേയും പുറത്തെടുത്ത് കൂത്താട്ടുകുളം ദേവമാത ാ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകുയായിരുന്നു. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ ഇവിടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഇന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാത്യു ജോസ് ഉഴവൂര്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ ഫെബിന്‍ സഹോദരനാണ്.