അമ്മയെയും മകളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

12.52 AM 15-07-2016
the-end
പാലക്കാട് ചിറ്റൂര്‍ നല്ലേപ്പിള്ളിക്കു സമീപം അമ്മയെയും മകളെയും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഒരു ദിവസത്തോളം പഴക്കമുള്ളതാണ് മൃതദേഹങ്ങള്‍. നല്ലേപ്പിള്ളി ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചുവരുന്ന കുമാരന്‍കുട്ടി മേനോന്റെ ഭാര്യ ശോഭന (52), മകള്‍ വിന്ദുജ (22) എന്നിവരെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം നാലിനാണ് മൃതദേഹങ്ങള്‍ കണ്ടത്.
ഒരാളുടെ കാല്‍ നായ കടിച്ചു കൊണ്ടുപോകുന്നതു കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുക യായിരുന്നു. തുടര്‍ന്നു പരിശോധന നടത്തിയപ്പോഴാണ് വീടിനു പിന്നില്‍ കുളിമുറിയോടു ചേര്‍ന്ന് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ശോഭനയുടെ മൃതദേഹത്തിലെ ഇരുകാലുകളും കടിച്ചുപറിച്ച നിലയിലാണ് കാണപ്പെട്ടത്. പിന്നീട് നടത്തിയ തെരച്ചിലില്‍ വീടിനു പിറകിലെ പറമ്പില്‍ നിന്നും ഒരുകാല്‍ കൂടി കണ്ടെടുത്തു. മറ്റൊരു കാലിനായി പോലീസും ഡോഗ് സ്‌ക്വാഡും ഏറെനേരം തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇരുവരുടെയും മൃതദേഹങ്ങള്‍ പോലീസ് സംരക്ഷണയില്‍ സംഭവസ്ഥലത്തു തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന നിഗമനത്തിലാണ് പോലീസ്.
വീടിനുള്ളില്‍നിന്ന് ആത്മഹത്യാകുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ബന്ധുക്കള്‍ ഇവരുടെ കൈയക്ഷരം സ്ഥിരീകരിച്ചതായി പോലീസ് പറഞ്ഞു. സംഭവസ്ഥലത്തിനു സമീപത്തുനിന്ന് മണ്ണെണ്ണ ക്യാനും ലൈറ്ററും കണ്ടെത്തി.
നല്ലേപ്പിള്ളി വടക്കത്തറയില്‍ സ്ഥിരതാമസക്കാരായ ഇവര്‍ കുമാരന്‍കുട്ടി മോനോന്റെ മരണത്തിനുശേഷം രണ്ടുവര്‍ഷത്തോളമായി ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചു വരികയാണ്. വിന്ദുജ നല്ലേപ്പിള്ളിയില്‍ തന്നെയുള്ള ഫാന്‍സി സ്റ്റോറില്‍ ജീവനക്കാരിയാണ്.