അമ്മയെ കൊന്നുകളയരുത്- രമയുടെ മകന്റെ ഫെയ്‌സ്ബുക് പോസ്റ്റ്

07:35am 16/5/2016

Newsimg1_96314572
വടകര: എനിക്ക് അമ്മയെ വേണം, കൊന്നു കളയരുത്….’ ടിപി ചന്ദ്രശേഖരന്റേയും രമയുടേയും മകന്‍ അഭിനന്ദിന്റെ ഫെയ്‌സ്ബുക് പോസ്റ്റ് ചര്‍ച്ചയാകുന്നു.”പതിനേഴു വയസ്സിലാണ് എനിക്ക് അച്ഛനെ നഷ്ടപ്പെടുന്നത്. അത്രയും കാലം എനിക്കു കിട്ടിയതിനെക്കാള്‍ അച്ഛനെ കിട്ടിയത് ഒഞ്ചിയത്തെ സാധാരണ മനുഷ്യര്‍ക്കായിരുന്നു.

അദ്ദേഹത്തെ വെട്ടി നുറുക്കിയവര്‍ അമ്മയെ അതിനെക്കാള്‍ വെട്ടുമെന്നു മുഴക്കിയ ഭീഷണി യഥാര്‍ഥത്തില്‍ എന്നോടല്ലേ? ഞാനെന്തു തെറ്റു ചെയ്തു നിങ്ങളോട്? എന്തായിരുന്നു അച്ഛന്‍­ ചെയ്ത തെറ്റ്? പ്രസ്ഥാനത്തിനു തെറ്റു പറ്റുന്നു എന്നു പറയുന്നതു വെട്ടി നുറുക്കാന്‍ മാത്രമുള്ള വലിയ തെറ്റായിരുന്നോ. അച്ഛന്‍ അവസാനിപ്പിച്ചു പോയതെല്ലാം നമ്മള്‍ മുഴുമിപ്പിക്കണമെന്നു പറഞ്ഞ് എനിക്കു ധൈര്യമേകിയ ആ അമ്മയെ അല്ല ഞാന്‍ ഇന്നലെ ആശുപത്രി കട്ടിലില്‍ കണ്ടത്.

എന്നെക്കുറിച്ചോര്‍ത്ത് ആരോടും പങ്കു വയ്ക്കാത്ത വേവലാതികള്‍ അമ്മയ്ക്കുണ്ട്. എന്നാലും അമ്മ തളരില്ലെന്നു ഞാന്‍ വിശ്വസിക്കുന്നു. എനിക്ക് അമ്മയേ ഉള്ളൂ, എന്റെ അച്ഛന്റെ ഓര്‍മയ്‌ക്കൊപ്പം ജീവിക്കാന്‍ എനിക്ക് അമ്മയെ വേണം, കൊന്നുകളയരുത്’ നന്ദു. പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കകം ഒട്ടേറെ പേ!ര്‍ വായിച്ചു ഷെയര്‍ ചെയ്ത അഭിനന്ദിന്റെ പ്രതികരണം സമൂഹമാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്.