അമ്മയെ വധിക്കാന്‍ വാടക കൊലയാളി: മകനും കൊച്ചുമകനും അറസ്റ്റില്‍

07:33 pm 16/12/2016
– പി.പി. ചെറിയാന്‍
Newsimg1_58530264
ഫ്‌ളോറിഡ: 73 വയസ്സുള്ള മാതാവിനെ കൊലപ്പെടുത്തുന്നതിന് വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ വംശജനായ മകന്‍ സൂരജും (44), കൊച്ചുമകന്‍ ക്രിസ്റ്റഫറും (20) പൊലിസിന്റെ പിടിയിലായി. കൊലപാതകത്തിന് ഏര്‍പ്പെടുത്തിയ ഭവനരഹിതനായ മൈക്കിള്‍ ഹമോന്‍സിന് പ്രതിഫലമായി 10,000 ഡോളറാണ് നല്‍കിയിരുന്നത്.

വിറോ ബീച്ച് മക് ഡൊണാള്‍സില്‍ വെച്ചാണ് മൂവരും ചേര്‍ന്ന് മഗ്ദലീന്‍ നറീന്‍ എന്ന മാതാവിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കിയത്. ഡിസംബര്‍ 8ന് മഗ്ദലിനെ അമിതമായി ഇന്‍സുലിന്‍ കുത്തിവച്ച് കാറില്‍ കയറ്റികൊണ്ടുപോയി കനാലില്‍ തള്ളാനായിരുന്നു നിര്‍ദ്ദേശം. ഈ വിവരം അറിഞ്ഞ മറ്റൊരു ഭവനരഹിതനാണ് പൊലിസിനെ അറിയിച്ചത്.

ഡിസംബര്‍ ആറിന് പൊലിസ് മൂന്നു പേരെയും അറസ്റ്റു ചെയ്തതിനാല്‍ പദ്ധതി പരാജയപ്പെട്ടു. പിതാവിനെ ഭയപ്പെട്ടിരുന്നതിനാലാണ് ഗൂഢാലോചനയില്‍ പങ്കാളിയായതെന്ന് ക്രിസ്റ്റഫര്‍ പൊലിസിനോട് പറഞ്ഞു. സൂരജും ക്രിസ്റ്റഫറും തൊഴില്‍ രഹിതരാണെന്നും സാമ്പത്തിക നേട്ടം ലക്ഷ്യമാക്കിയാണ് മാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും പൊലിസ് തയ്യാറാക്കിയ കുറ്റപത്രത്തില്‍ പറയുന്നു.