അരുണാചലിൽ വീണ്ടും രാഷ്ട്രീയ നാടകം: ഭരണം ബി.ജെ.പിക്ക്

03:22 PM 16/09/2016
images (1)
ന്യൂഡൽഹി: നിർണായക സുപ്രീംകോടതി വിധി വന്ന് രണ്ട് മാസം കഴിയുന്നതിനിടെ അരുണാചലിൽ വീണ്ടും സംസ്ഥാന ഭരണം കോൺഗ്രസിന് നഷ്ടമായി. മുഖ്യമന്ത്രി പെമ ഖണ്ഡു ഉൾപ്പടെ‍ എല്ലാ എം.എൽ.എമാരും കോൺഗ്രസ് വിട്ട് ബിജെ.പിയുടെ സഖ്യകക്ഷി പാർട്ടിയിൽ ചേർന്നതോടെയാണ് കോൺഗ്രസിന് വീണ്ടും ഭരണം നഷ്ടമായത്. മുൻ മുഖ്യമന്ത്രിയായിരുന്ന നബാം തുക്കി മാത്രമാണ് കോൺഗ്രസ് വിടാതെ നിന്നത്.

പെമ ഖണ്ഡു 42 എം.എൽ.എമാരുമായി ചേർന്ന് ബിജെ.പിയുടെ സഖ്യകക്ഷിയായ പീപിൾസ് പാർട്ടി ഒാഫ് അരുണാചലിലാണ് ചേർന്നത്. ആകെ 60 അംഗ നിയമസഭയിൽ 44 അംഗങ്ങൾ കോൺഗ്രസിന്‍റെയും 11 അംഗങ്ങൾ ബി.ജെ.പിയുടേതുമായിരുന്നു. സപീക്കറെ കണ്ട് താനടക്കമുള്ള കോൺഗ്രസ് നേതാക്കൾ പീപ്ൾസ് പാർട്ടിയിൽ ചേരുകയാണെന്ന് അറിയിച്ചതായി അരുണാചൽ മുഖ്യമന്ത്രി പെമ ഖണ്ഡു വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധി മുതലെടുത്ത് കേന്ദ്രസര്‍ക്കാര്‍ നബാം തുക്കി സര്‍ക്കാറിനെ പുറത്താക്കി രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയിരുന്നു. തുടർന്ന് 30 വിമത എം.എൽ.എമാരുടെ പിന്തുണയോടെ വിമത നേതാവും മുന്‍ ധനമന്ത്രിയുമായ കലികോ പുളിനെ മുഖ്യമന്ത്രിയാക്കി ബി.ജെ.പി അധികാരം പിടിക്കുകയായിരുന്നു. എന്നാൽ ഇത് ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. ഇതിനെ തുടർന്ന് നബാം തുക്കിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിനെ സുപ്രീംകോടതി പുന:സ്ഥാപിച്ചു.

എന്നാൽ 30 വിമത എം.എൽ.എമാരെ അനുനയിപ്പിക്കുന്നതിന്‍റെ ഭാഗമായി നബാം തുക്കിയ മാറ്റി പെമ ഖണ്ഡുവിനെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. മുൻ മുഖ്യമന്ത്രി ദോർജി ഖണ്ഡുവിന്‍റെ മകനാണ് 36കാരനായ പെമ ഖണ്ഡു.