അലീഗഢ് സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

09:19am 5/4/2016
images (2)

ന്യൂഡല്‍ഹി: അലീഗഢ് മുസ് ലിം സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അലീഗഢ് ന്യൂനപക്ഷ സ്ഥാപനമല്ലെന്ന അലഹബാദ് ഹൈകോടതി വിധിക്കെതിരെ യു.പി.എ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. കേന്ദ്ര ആക്ട് പ്രകാരം സ്ഥാപിതമായതാണ് അലീഗഢ് കേന്ദ്ര സര്‍വകലാശാലയെന്നും ന്യൂനപക്ഷ സ്ഥാപനമല്ലെന്നും 1967ല്‍ അസീസ് ബാഷ വിധിന്യായത്തില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് മുമ്പാകെ പറഞ്ഞു.

20 വര്‍ഷത്തിനുശേഷം സര്‍വകലാശാലക്ക് ന്യൂനപക്ഷ പദവി നല്‍കാന്‍ വരുത്തിയ ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നാണ് ഹൈകോടതി 2006 ജനുവരിയില്‍ വിധിച്ചത്. അസീസ് ബാഷ വിധി കേന്ദ്ര സര്‍ക്കാറിന് തള്ളാനാകില്ല. അലീഗഢിന് ന്യൂനപക്ഷ പദവി നല്‍കുന്നത് സുപ്രീംകോടതി വിധിക്ക് എതിരാണെന്നും റോത്തഗി കോടതിയില്‍ വ്യക്തമാക്കി. അറ്റോണി ജനറലിന്റെ വാദംകേട്ട കോടതി അപ്പീല്‍ പിന്‍വലിക്കുന്നതിന് സത്യവാങ്മൂലത്തോടൊപ്പം അപേക്ഷ സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് എട്ടാഴ്ച സമയം അനുവദിച്ചു.