കൊച്ചി: സംസ്ഥാനത്തെ സ്കൂള്‍ പാചകത്തൊഴിലാളികള്‍ നേരിടുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാരിന് ഡിസംബര്‍ 3ന് അവകാശപത്രിക സമര്‍പ്പിക്കാന്‍ കേരള സ്കൂള്‍ വര്‍ക്കേഴ്സ് അസോസിയേഷന് (കെ.എസ്.ഡബ്ലിയു.എ) സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു.
അവകാശ പത്രിക 14 ജില്ലാകേന്ദ്രങ്ങളില്‍ നിന്ന് തൊഴിലാളികളുടെ ഒപ്പുകള്‍ ശേഖരിക്കാനും ജില്ലാതല സെമിനാറുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ഡിസംബര്‍ 3ന് സാംസ്കാരിക പ്രവര്‍ത്തകരും തൊഴിലാളികളും ചേര്‍ന്ന് അവകാശപത്രിക മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
ജൂണ്‍-ജൂലൈ മാസങ്ങളിലെ ശബളം മുടക്കിയ സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച് സെപ്റ്റംബര്‍ 1 മുതല്‍ നടത്താന്‍ തീരുമാനിച്ച പ്രക്ഷോഭങ്ങള്‍ സര്‍ക്കാര്‍ രണ്ടുമാസത്തെ ശബളം വിതരണം ചെയ്തതിനെ തുടര്‍ന്ന് മാറ്റിവെയ്ക്കാന്‍ യോഗം തീരുമാനിച്ചു. മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സെപ്റ്റംബര്‍ മാസം മുതല്‍ സര്‍ക്കാര്‍ നേരിട്ട് തന്നെ ശബളം നല്‍കാമെന്ന് ഉറപ്പുനല്‍കി.
പാവപ്പെട്ടവര്‍ക്കുവേണ്ടി എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എഴുത്തുകാരി മഹാശ്വേതാദേവിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സുജോബി ജോസ് അധ്യക്ഷതവഹിച്ചു. ശോഭസുബ്രന്, വി.ലക്ഷ്മിദേവി, സുഹ്റബി സുലൈമാന്‍ സംസാരിച്ചു.