അവസാനം ഐസക്കിന് പതിമൂന്നാം നമ്പര്‍ കിട്ടി

12.54 AM 10-06-2016
13
ധനമന്ത്രി തോമസ് ഐസക് ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹത്തിന്റെ ഔദ്യോഗിക വാഹനത്തിന് പതിമൂന്നാം നമ്പര്‍ അനുവദിച്ചു. ഫെയ്‌സ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വാഹനത്തിന്റെ ചിത്രവും തോമസ് ഐസക് പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘അവസാനം പതിമൂന്നാം നമ്പര്‍ കാര്‍ കിട്ടി’ എന്ന കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പതിമൂന്നാം നമ്പര്‍ കാര്‍ എടുക്കാന്‍ ആദ്യം ആരുമുണ്ടായില്ലെങ്കിലും വിവാദം കൊഴുത്തപ്പോള്‍ ധനമന്ത്രി തോമസ് ഐസകും കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറും നമ്പര്‍ ഏറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. നമ്പര്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക് ടൂറിസം വകുപ്പിന് അപേക്ഷ നല്‍കി.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പതിമൂന്നാം നമ്പര്‍ കാര്‍ ആരും ഉപയോഗിച്ചിരുന്നില്ല. അതിനാല്‍ ഇത്തവണയും ഔദ്യോഗിക വാഹനത്തിനു പതിമൂന്നാം നമ്പര്‍ നല്‍കിയിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിലെ മന്ത്രിമാരും 13 അശുഭ സംഖ്യയായി കാണുന്നുവെന്ന മട്ടില്‍ സത്യപ്രതിജ്ഞയുടെ അടുത്ത ദിവസം മുതല്‍ വിവാദവും ചര്‍ച്ചയും കത്ത!ിക്കയറി. സമൂഹമാധ്യമങ്ങളിലും വലിയ ചര്‍ച്ചയായി. ഇതേത്തുടര്‍ന്നാണു മന്ത്രിമാര്‍ രംഗത്തെത്തിയത്.
തോമസ് ഐസക്കിന് ആദ്യം അനുവദിച്ച ഔദ്യോഗിക വാഹനത്തിന്റെ നമ്പര്‍ 10 ആണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ ധനമന്ത്രിയുടെ വാഹന നമ്പര്‍ 23 ആയിരുന്നു. അന്ന് 13-ാം നമ്പര്‍ വാഹനം ഉപയോഗിച്ചതു വിദ്യാഭ്യാസ മന്ത്രിയായിരുന്ന എം.എ.ബേബിയായിരുന്നു.