അസ് ലന്‍ഷാ ഹോക്കിയില്‍ ഇന്ത്യ ഫൈനലില്‍

09:13am 16/4/2016

download (1)

ഇപോ (മലേഷ്യ): സുല്‍ത്താന്‍ അസ് ലന്‍ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യ ഫൈനലില്‍ കടന്നു. ആതിഥേയരായ മലേഷ്യയെ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. അസ് ലന്‍ഷാ കപ്പില്‍ ഇന്ത്യ ഏഴാമത്തെ തവണയാണ് ഫൈനലില്‍ എത്തുന്നത്.

മലേഷ്യക്കെതിരെ രമണ്‍ദീപ് സിങ് ഇന്ത്യക്കു വേണ്ടി രണ്ടുതവണ വലകുലുക്കി. 25, 39 മിനിറ്റുകളിലായിരുന്നു ഗോളുകള്‍. മൂന്നാം മിനിറ്റില്‍ നിക്കിന്‍ തിമ്മയ്യ, ഏഴാം മിനിറ്റില്‍ ഹര്‍ജീത് സിങ്, 27ാം മിനിറ്റില്‍ ഡാനിഷ് മുജ്തബ, 50ാം മിനിറ്റില്‍ തല്‍വിന്ദര്‍ സിങ് എന്നിവരാണ് ഇന്ത്യക്കു വേണ്ടി മറ്റു ഗോളുകള്‍ സ്‌കോര്‍ ചെയ്തത്. ഷഹ്‌റില്‍ സബാഹ് മലേഷ്യയുടെ ആശ്വാസ ഗോള്‍ സ്വന്തമാക്കി.

ആസ്‌ട്രേലിയയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. ജയത്തോടെ ഇന്ത്യ വെള്ളി ഉറപ്പിച്ചു. അഞ്ച് തവണ ചാമ്പ്യന്‍മാരായ ഇന്ത്യക്ക് ഫൈനലിലെത്താന്‍ ഇന്ന് ജയം അനിവാര്യമായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോറ്റതോടെയാണ് ഇന്ത്യക്ക് ഇന്നത്തെ മത്സരം നിര്‍ണായകമായത്.