ആംബുലന്‍സിന് തീപിടിച്ച് രോഗിയും മകളും വെന്തുമരിച്ചു

12.56 AM 27-07-2016
IMG-20160726-WA0089
മൂവാറ്റുപുഴയില്‍ രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സിന് തീപിടിച്ചു. രോഗിയും മകളും വെന്തുമരിച്ചു. രണ്ടുപേര്‍ക്ക് പരിക്ക്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അദ്ഭുതകരമായി രക്ഷപെട്ടു. ഏറ്റുമാനൂര്‍ കട്ടച്ചിറ വരകുകാലായില്‍ വി.ജെ ജയിംസ് (72), ഇവരുടെ മകള്‍ തിരുവനന്തപുരം കേശവദാസപുരം മഞ്ഞാങ്കല്‍ ഷാജിയുടെ ഭാര്യ അമ്പിളി(40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ജയിംസിന്റെ മകന്‍ അഭിലാഷിന്റെ ഭാര്യ ജോയ്‌സ് (25), ഹോം നഴ്‌സ് കുമളി ലോവര്‍ക്യാമ്പ് അംബേദ്കര്‍ കോളനി പരേതനായ ഏസിയായുടെ ഭാര്യ ലക്ഷ്മി(55) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
ഇന്നലെ രാത്രി ഏഴോടെ എം.സി റോഡില്‍ ആറൂര്‍ സാറ്റലൈറ്റിനു സമീപമുള്ള കാവിശേരി വളവിലാണ് അപകടം. വയനാട്ടില്‍ ആയൂര്‍വേദ റിസോര്‍ട്ട് ആരംഭിക്കുന്നതിനായി ഏഴുമാസമായി അവിടെ ജയിംസ് താമസിച്ചുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുകയായിരുന്നു. ഒരാഴ്ച മുമ്പ് പിടിച്ച പനി ന്യൂമോണിയായി മാറിയതോടെ വയനാട് കല്‍പ്പറ്റ സെന്റ് ജോസഫ് ആശുപത്രിയില്‍നിന്നും ആംബുലന്‍സില്‍ കോട്ടയത്തേക്ക് കൊണ്ടുവരുന്നതിനിടെയാണ് അപകടമുണ്ടായത്. കല്പറ്റ ശാന്തി ഡയാലിസിസ് സെന്ററിന്റെതാണ് അപകടത്തില്‍പ്പെട്ട ആംബുലന്‍സ്. എം.സി റോഡില്‍ ആറൂരില്‍ കുത്തനെയുള്ള കയറ്റം കയറുന്നതിനിടെ പെട്ടെന്ന് വാഹനത്തിന് തീപിടിക്കുകയായിരുന്നു. നിമിഷയങ്ങള്‍ക്കകം വാഹനം അഗ്‌നികുണ്ഡമായി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിക്കുന്ന ശബ്ദം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരെ കേള്‍ക്കമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടം നടന്ന സ്ഥലത്തിനു സമീപത്തെ വീട്ടിലെ ജനാലയുടെ ചില്ലും പൊട്ടിത്തെറിച്ചു. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഒരു നിമിക്ഷം എന്തുചെയ്യണമെന്നറിയാതെ പകച്ചുനിന്നു. സംഭമറിഞ്ഞ് മൂവാറ്റുപുഴയില്‍നിന്നും ഫയര്‍ഫോഴ്‌സും പൊലിസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. കൂരിരിട്ടും മഴയും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു.