ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതി അറസ്റ്റില്‍

02:34 PM 22/09/2016

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സോംനാഥ് ഭാരതിയെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) സുരക്ഷാ ജീവനക്കാരെ കൈയേറ്റം ചെയ്തുവെന്ന കേസിലാണ് അറസ്റ്റ്. അറസ്റ്റ് വാര്‍ത്ത സോംനാഥ് ഭാരതി ട്വിറ്ററിലൂടെ പങ്കുവെച്ചു.

സെപ്തംബര്‍ ആറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സോമനാഥ് ഭാരതിയും അദ്ദേഹത്തിന്‍റെ 27 അനുയായികളും സുരക്ഷാ ജീവനക്കാരെ കയ്യേറ്റം ചെയ്തുവെന്നാരോപിച്ച് എയിംസ് ചീഫ് സെക്യൂരിറ്റി ഓഫീസര്‍ നല്‍കിയ പരാതിയിലാണ് നടപടി. ആള്‍ക്കൂട്ടത്തെ പ്രകോപിപ്പിച്ചുവെന്നും പൊതുമുതല്‍ നശിപ്പിച്ചുവെന്ന കുറ്റവും അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. നേരത്തെ ഭാര്യ ലിപിക മിശ്ര നല്‍കിയ ഗാര്‍ഹികപീഡനകേസിലും സോംനാഥ് ഭാരതി അറസ്റ്റിലായിരുന്നു.

കഴിഞ്ഞദിവസം എ.എ.പി എം.എല്‍.എ അമാനത്തുള്ള ഖാനും അറസ്റ്റിലായിരുന്നു. സഹോദരഭാര്യ നല്‍കിയ ലൈംഗിക പീഡനകേസിലാണ് അമാനത്തുള്ളയെ പൊലീസ്​ അറസ്​റ്റുചെയ്​തത്​. ഇതുവരെ എ.എ.പിയുടെ 13 എം.എല്‍.എമാരാണ് അറസ്റ്റിലായത്. 15 എം.എല്‍.എമാര്‍ക്കെതിരെ ഡല്‍ഹി പൊലീസ് കേസുകള്‍ എടുത്തിട്ടുണ്ട്.