ആദിവാസി ബാലികയുടെ ആത്മഹത്യ രാഷ്ട്രീയ വിവാദമായി

03:55pm 23/04/2016
download (2)
കേളകം: കേളകം പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ചെങ്ങോം പൊരുന്നന്‍ രവിമോളി ദമ്പതികളുടെ മകള്‍ ശ്രുതി (15) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവം രാഷ്ട്രീയ വിവാദമായി. പട്ടിണി മരണമല്‌ളെന്നും കുടുംബത്തെ രാഷ്ട്രീയമായി അപമാനിക്കാന്‍ കാരണം കെട്ടിച്ചമച്ചതാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കളും സി.കെ. ജാനുവും വ്യത്യസ്ത വാര്‍ത്താ സമ്മേളനങ്ങളില്‍ ആരോപിച്ചു. പട്ടിണി മൂലമല്ല മരണമെന്ന് ശ്രുതിയുടെ പിതാവ് രവിയും പറഞ്ഞു.

രണ്ടര ഏക്കര്‍ കൃഷിയിടവും രണ്ട് വീടുകളുമുള്ള കുടുംബത്തില്‍ പട്ടിണിയും ദുരിതവുമില്ല. സഹോദരന് മാത്രം സൈക്കിള്‍ വാങ്ങിയത് കുട്ടിക്ക് മാനസിക വിഷമമുണ്ടാക്കിയിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. കേളകം സെന്റ് തോമസ് ഹൈസ്‌കൂള്‍ ഒമ്പതാം ക്‌ളാസ് വിദ്യാര്‍ഥിനിയായ ശ്രുതിക്ക് മാതാപിതാക്കള്‍ മൂവായിരം രൂപ ചെലവിലാണ് അവധിക്കാല ട്യൂഷന്‍ ഒരുക്കിയതെന്നും ബന്ധുക്കള്‍ അറിയിച്ചു.

ശ്രുതിയുടെ മരണത്തെ അടിസ്ഥാനമാക്കി അപകീര്‍ത്തിപരമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് കുടുംബത്തെ അപമാനിച്ചവര്‍ മാപ്പ് പറയണമെന്ന് യൂത്ത്‌കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം പ്രസിഡന്റ് സന്തോഷ് പെരെപ്പാടന്‍, ആദിവാസി കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിജയന്‍ മനങ്ങാടന്‍, ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറി കെ. കേളപ്പന്‍, കോണ്‍ഗ്രസ് നേതാക്കളായ സിസിലി മാണി, ബേബി ചിറക്കല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് ഭരണത്തില്‍ ആദിവാസികള്‍ക്കിടയില്‍ പട്ടിണി മരണം നടക്കുകയാണെന്ന് ഇലക്ഷന്‍ മുന്നില്‍കണ്ട് പ്രചരിപ്പിക്കാനുള്ള ഗൂഢനീക്കത്തിന് വേണ്ടി ഒരു കുടുംബത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് അവര്‍ ആരോപിച്ചു.

ശ്രുതിയുടെ മരണം പട്ടിണി മൂലമല്‌ളെന്നും പ്രശ്‌നം സി.പി.എം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നത് അപമാനകരമാണെന്നും ആദിവാസി ഗോത്രമഹാസഭ നേതാവ് സി.കെ. ജാനു പറഞ്ഞു. ശ്രുതിയുടെ വീട്ടിലത്തെിയ ജാനുവും സംഘവും ബന്ധുക്കളോടും കുട്ടിയുടെ മാതാപിതാക്കളോടും വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു. കുടുംബത്തിന് നൊമ്പരവും അപമാനവും വരുത്തിയവര്‍ക്കെതിരെ നിയമ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.