03:50pm 29/6/2016
കാളികാവ്: കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണത്തിനായി ചിങ്കക്കല്ലില്‍ വൈദുതി വേലി സ്ഥാപിച്ചപ്പോള്‍ ആദിവാസി വീടുകളെ ഒഴിവാക്കിയ നടപടി വനംവകുപ്പ് തിരുത്തി. കോളനിക്ക് ചുറ്റും സോളാര്‍ വേലി നിര്‍മാണം തുടങ്ങി. ചോക്കാട് പഞ്ചായത്തിലെ കല്ലാമൂല ചിങ്കകല്ല് ആദിവാസി കോളനിയില്‍ സംരക്ഷണ വേലി നിര്‍മാണത്തിലെ അപാകതയാണ് വനം വകുപ്പ് തിരുത്തുന്നത്.
കല്ലാമൂലമുതല്‍ പത്തു കിലോമീറ്റര്‍ വനാതിര്‍ത്തിയിലൂടെ അരക്കോടി രൂപ ചെലവില്‍ വൈദ്യുതി വേലി നിര്‍മിക്കാന്‍ മാസങ്ങള്‍ക്കു മുമ്പാണ് തീരുമാനിച്ചത്. ജനുവരി ആറിന് പുല്ലങ്കോട് എസ്റ്റേറ്റിലെ ജീവനക്കാരനെ കാട്ടാന കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം നടത്തിയിരുന്നു. തുടര്‍ന്ന് ഡിഎഫ്ഒ അടക്കമുള്ള വനം ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും സമിതിയാണ് കാര്‍ഷിക മേഖലയും വനവും വേര്‍തിരിച്ച് 10 കിമീറ്റര്‍ ദൈര്‍ഘ്യമുള്ള വൈദ്യുതിവേലിയും നിര്‍മിക്കാന്‍ തീരുമാനിച്ചത്.
എന്നാല്‍, ചിങ്കകല്ല് ഭാഗത്ത് ആദിവാസി കോളനിയെ പുറത്താക്കിയായിരുന്നു വേലി നിര്‍മാണം. ഇവിടെ പന്ത്രണ്ട് ആദിവാസി കുടുംബങ്ങളാണ് താമസിക്കുന്നത്.ഇവരില്‍ പലരുടെയും വീടുകളുടെ നിര്‍മാണം പാതി വഴിയിലായതിനാല്‍ പലരും താത്കാലിക പ്ലാസ്റ്റിക് ഷെഡുകളിലാണ് താമസം. കാട്ടാനയും കാട്ടുപന്നിയും ഉള്‍പ്പെടെ വന്യമൃഗശല്യം കോളനി വീടുകളിലും പതിവാണ്.
അതേസമയം സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് വനം വന്യജീവി ഡിവിഷനു കീഴിലുള്ള ക്യാമ്പ് ഷെഡ് വന്യമൃഗശല്യത്തില്‍ നിന്ന് സംരക്ഷിക്കാന്‍ വൈദ്യുതി വേലിക്കു പുറമേ ചുറ്റുമതിലും കിടങ്ങും നിര്‍മിച്ച് സുരക്ഷിതമാക്കുകയും 12 ആദിവാസി വീടുകളെ ഒഴിവാക്കുകയും ചെയ്തത് ഏറെ വിവാദമായിരുന്നു. ദീപിക വാര്‍ത്ത പ്രസിദ്ധീകരിച്ചതോടെ സംഭവം വിവാദമായി. ഇതോടെയാണ് വനം അധികൃതര്‍ നിലപാട് തിരുത്തിയത്.