ആദ്യ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ വനിത മരിച്ചു

12.30 PM 07-09-2016
isabelledinoiree_05092016
ലില്ലെ: വൈദ്യശാസ്ത്ര ചരിത്രത്തിലെ ആദ്യ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ഫ്രഞ്ച് വനിത മരിച്ചു. ഇസബെല്ലെ ഡൈനോയര്‍(49) ആണ് മരിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ മരിച്ച ഇവരുടെ മരണവിവരം കുടുംബത്തിന്റെ സ്വകാര്യതയെ മാനിച്ചാണ് വിവരം പുറത്തു വിടാതിരുന്നതെന്ന് അമീന്‍സിലെ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച അവയവങ്ങളോട് ശരീരം പ്രതികരിക്കാതിരുന്നതോടെ അമിതമായി മരുന്നുകളെ ആശ്രയിച്ച ഇസബെല്ല കാന്‍സര്‍ രോഗിയായി മാറിയിരുന്നു.
2005ലാണ് ഇസബെല്ലെയുടെ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. പട്ടികടിയേറ്റ ഇവരുടെ മുഖം വികൃതമായതോടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയുടെ മൂക്കും കവിളും ചുണ്ടും പ്ലാസ്റ്റിക് സര്‍ജറിയിലൂടെ പുതുതായി തുന്നിച്ചേര്‍ക്കുകയായിരുന്നു. മൂന്നു മാസങ്ങള്‍ക്ക് ശേഷം2006 ഫെബ്രുവരിയില്‍ ഡൈനോയര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടതോടെ സംഭവം ലോകശ്രദ്ധ നേടി.
യുദ്ധത്തിലോ മറ്റു അപകടങ്ങളിലോ മുഖം നഷ്ടമാകുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു ഇസബെല്ലെയ്ക്ക് നടത്തിയ ശസ്ത്രക്രിയയുടെ വിജയം. ഇതിനുശേഷം യുഎസ്, സ്‌പെയിന്‍, ചൈന, ബെല്‍ജിയം, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലും ഭാഗികമായോ പൂര്‍ണമായോ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. 2010ല്‍ സ്പാനീഷ് സംഘത്തിന്റെ നേതൃത്വത്തില്‍ പൂര്‍ണ മുഖം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും നടത്തി.
എന്നാല്‍ കഴിഞ്ഞവര്‍ഷം ഇസബെല്ലെയുടെ ശരീരം ദാതാവിന്റെ ശരീര കോശങ്ങളെ തിരസ്‌കരിച്ചു. അവയവങ്ങളുടെ പ്രവര്‍ത്തനം സാധാരണ നിലയിലായിരുന്നില്ല. ഇതിനെ പ്രതിരോധിക്കാന്‍ ഇസബെല്ലെയെ മരുന്നുകളെ ആശ്രയിച്ചു. എന്നാല്‍ അമിതമായ മരുന്നുകളുടെ ഉപയോഗം ഇസബെലിനെ കാന്‍സര്‍ രോഗത്തിലേക്ക് നയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന എല്ലാ രോഗികളുടെയും ശരീരം ദാതാവിന്റെ ശരീര അവയവങ്ങള്‍ തിരസ്‌കരിക്കാനുള്ള സാധ്യത ഏറെയാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.