ആനക്കൊമ്പ് വില്‍പന ; മൂന്ന് പേര്‍ അറസ്റ്റില്‍

09:38 pm 23/9/2016

– പി. പി. ചെറിയാന്‍
Newsimg1_23926276
ന്യുയോര്‍ക്ക് : ആനക്കൊമ്പ് കൊണ്ടു നിര്‍മ്മിച്ച കരകൗശല വസ്തുക്കള്‍ വില്‍പന നടത്തിയതിന് മന്‍ഹാട്ടനില്‍ നിന്നും മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മന്‍ഹാട്ടന്‍ ആന്റിക്ക് സ്‌റ്റോറിലെ ഒരു സ്വകാര്യ മുറിയിലായിരുന്നു ആനക്കൊമ്പു കൊണ്ടുളള മനോഹര ശില്പങ്ങള്‍ വില്‍പനയ്ക്ക് വച്ചിരുന്നത്.

മന്‍ഹാട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസാണ് സെപ്റ്റംബര്‍ 22ന് നടത്തിയ പത്രസമ്മേളനത്തില്‍ അറസ്റ്റ് ചെയ്ത വിവരം വെളിപ്പെടുത്തിയത്. വന്യ ജീവികളുടെ വംശനാശത്തിനു വരെ വഴി വെയ്ക്കുന്ന ഇത്തരം വ്യാപരങ്ങള്‍ ഇവിടെ നടക്കുന്നു എന്നറിഞ്ഞതില്‍ ഡിഎ ഓഫിസ് ഉത്കണ്ഠ രേഖപ്പെടുത്തി.

കടയുടമസ്ഥരായ ഇര്‍വിങ്ങ്, സാമുവേല്‍, വില്‍പനക്കാരന്‍ വിക്ടര്‍ എന്നിവരാണ് പിടിയിലായത്. 126 ആനക്കൊമ്പുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. ഒരു ജോടിക്ക് 200,000 ഡോളര്‍ വീതം സവാന എലിഫന്റ് കൊമ്പുകള്‍ ഇവിടെ നിന്നും വില്‍പന നടത്തിയിരുന്നതായി ഡിഎ ഓഫിസ് അറിയിച്ചു. പിടിച്ചെടുത്ത ശില്‍പങ്ങള്‍ പൊതു ദര്‍ശനത്തിന് വെച്ചിരുന്നു.