08:35am 8/4/2016
കറുകച്ചാല്‍(കോട്ടയം): തടിപിടിക്കുന്നതിനിടെ ഇടഞ്ഞ ആന ഒന്നാം പാപ്പാനെയും രണ്ടാം പാപ്പാനെയും കുത്തിക്കൊന്നു. നെടുങ്ങാടപ്പള്ളി ശാന്തിപുരം സന്തോഷ്ഭവനില്‍ ഗോപിനാഥന്‍ (58), ചങ്ങനാശേരി ഇത്തിത്താനം മലകുന്നം വാലുപറമ്പില്‍ അഖില്‍ മനു (കണ്ണന്‍ 26) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് കറുകച്ചാല്‍ തൊമ്മച്ചേരി സുബാഷ് സ്‌കൂളിന് സമീപത്താണ് നാടിനെ നടുക്കിയ ദുരന്തം. സ്‌കൂളിന് സമീപത്തെ പുരയിടത്തില്‍ തടിപിടിക്കാനത്തെിയ ചാന്നാനിക്കാട് രാജനാണ് നാടിനെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തിയത്.
തടിപിടിച്ചുകൊണ്ട് നില്‍ക്കവെ ഇടഞ്ഞ ആനയെ തളക്കാന്‍ ചങ്ങലയുമായി ഒന്നാം പാപ്പാനായ ഗോപിനാഥന്‍ ശ്രമിക്കവെ ആന ചവിട്ടിയശേഷം കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടര്‍ന്ന് കലിപൂണ്ട് ഓട്ടം ആരംഭിച്ച ആന പാലമറ്റം വഴി ചിറയ്ക്കല്‍ കവലക്ക് സമീപമത്തെി. ഈസമയംഴ, ആനയെ തളക്കാന്‍ പിന്നാലെ ഓടിയ രണ്ടാം പാപ്പാന്‍ കണ്ണനെ മതിലിനോട് ചേര്‍ത്തുനിര്‍ത്തി കുത്തിയെങ്കിലും കുത്ത് കൊള്ളാതെ ഒഴിഞ്ഞുമാറി. തുടര്‍ന്ന് കണ്ണനെ തുമ്പിക്കൈകൊണ്ട് അടിച്ചുവീഴ്ത്തി നെഞ്ചില്‍ കുത്തിവീഴ്ത്തി. ഗുരുതര പരിക്കേറ്റ കണ്ണനെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല.
അവിടെനിന്ന് ഓടിയ ആന ചിറക്കല്‍വഴി പടനിലം കവലയില്‍ എത്തി നടുറോഡില്‍ നിലയുറപ്പിച്ചു. കിലോമീറ്ററുകളോളം ഓടി തളര്‍ന്നതിനാല്‍ മയക്കുവെടി വെച്ചിട്ടും ആന പ്രകോപിതനായില്ല. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആന മയക്കത്തിലായി. തുടര്‍ന്ന് മോഹന്‍ദാസ് കുറുപ്പിന്റെ നേതൃത്വത്തില്‍ എത്തിയ പാപ്പാന്മാര്‍ ആനയെ തളച്ചതോടെയാണ് മൂന്നുമണിക്കൂറോളം നാടിനെ വിറപ്പിച്ച ആനയുടെ ഭീഷണി ഒഴിവായത്.
ഗോപിനാഥന്റെ സംസ്‌കാരം വെള്ളിയാഴ്ച ഉച്ചക്ക് വീട്ടുവളപ്പില്‍ നടക്കും. രത്‌നമ്മയാണ് ഗോപിനാഥന്റെ ഭാര്യ. മക്കള്‍: സിനി, സന്തോഷ്. മരുമകന്‍: അനില്‍ കുമാര്‍. അഖിലിന്റെ സംസ്‌കാരം പിന്നീട്. അഖില്‍ അവിവാഹിതനാണ്. സജിനിയാണ് അഖിലിന്റെ മാതാവ്. സഹോദരങ്ങള്‍: അരുണ്‍ (ദുബൈ), കിരണ്‍ (അബൂദബി).