5.49 PM 04-11-2016
കൊച്ചി: ആന എഴുന്നുള്ളത്തും വെടിക്കെട്ടും നിയന്ത്രിക്കണമെന്ന സ്വാമി പ്രകാശാനന്ദയുടെയും ഹിന്ദു ഐക്യവേദിയുടെയും നിര്‍ദേശം സ്വാഗതാര്‍ഹവും മാതൃകാപരവുമാണെന്ന് കെ.സി.ബി.സി. ആരാധനാലയങ്ങളോടനുബന്ധിച്ചുള്ള ആചാരാനുഷ്ഠാനങ്ങളില്‍ കാലാനുസൃതമായ മാറ്റം വരുത്താന്‍ കഴിയണം. മനുഷ്യജീവനും മാനവീകമൂല്യങ്ങള്‍ക്കും ഭീഷണിയാകാവുന്ന ആഘോഷങ്ങളും ആചാരങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കുന്നത് മനുഷ്യപുരോഗതിക്കും സാംസ്‌കാരിക വളര്‍ച്ചയ്ക്കും സഹായകമാകും. മനുഷ്യജീവന്റെ മൂല്യവും മനുഷ്യജീവിതത്തിന്റെ മഹത്ത്വവും ഉയര്‍ത്തിപ്പിടിക്കുന്നതാകണം ആരാധനാലയങ്ങളിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും. ഓരോതിരുന്നാള്‍ഉത്സവകാലത്തും അശ്രദ്ധമൂലം ധാരാളം മനുഷ്യജീവന്‍ പൊലിയുന്നു. ആനയിടഞ്ഞതിന്റെ ഫലമായി പാപ്പാന്മാരും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നവരുമുള്‍പ്പെടെ മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. കൊല്ലം പരവൂരിലുള്‍പ്പെടെ വെടിക്കെട്ടപകടങ്ങളില്‍ പൊലിഞ്ഞുപോയ മനുഷ്യജീവന്‍ നിരവധിയാണ്. പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം ആചാരങ്ങളെ കാലാനുസൃതം പരിഷ്‌കരിക്കാനും എല്ലാ മതവിശ്വാസികളും സമുദായനേതൃത്വവും ജാഗ്രത പലുര്‍ത്തണം. ക്രൈസ്തവ ദൈവാലയങ്ങളില്‍ ഇത്തരം ആഘോഷങ്ങളും ആചാരങ്ങളും കര്‍ശനമായി നിയന്ത്രിക്കാന്‍ ശ്രദ്ധ വയ്ക്കുമെന്നും കെസിബിസി അറിയിച്ചു.