ആപ്പിന് ആപ്പുവച്ച കെഎസ്ആര്‍ടിസി എംഡിക്ക് സോഷ്യല്‍ പൊങ്കാല

01.16 AM 03-07-2016
anavandi 1
ആനവണ്ടി ആപ്പ് പൂട്ടണമെന്ന് ഉടമക്ക് നോട്ടിസയച്ച കെ.എസ്.ആര്‍.ടി.സി എം.ഡിയെ പൊങ്കാലയിട്ട് സോഷ്യല്‍മീഡിയ. കെ.എസ്.ആര്‍.ടി.സി ബ്ലോഗ് ‘ആനവണ്ടി’ പൂട്ടണമെന്ന് ആവശ്യവുമായി മാനേജിങ് ഡയറക്ടര്‍ കത്തയച്ചുവെന്ന് ബ്ലോഗ് അഡ്മിന്‍ സുജിത് ഭക്തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നതിനു തൊട്ടപിന്നാലെയാണ് കടുത്തവിമര്‍ശനവും ട്രോളുമായി സോഷ്യല്‍ മീഡിയയില്‍ ആനവണ്ടി ആരാധകരെത്തിയത്. എം.ഡിയുടെ നടപടിയെ ശക്തമായ ഭാഷയിലാണ് ആനവണ്ടി പ്രേമികള്‍ വിമര്‍ശിക്കുന്നത്. കെ.എസ്.ആര്‍.ടി.സി എന്നപേര് ഉപയോഗിച്ച് ബ്ലോഗ് നിര്‍മ്മിച്ചിരിക്കുന്നത് കോര്‍പറേഷന് നഷ്ടമാണെന്നും കൂടാതെ ഈ ബ്ലോഗുവഴി കോര്‍പറേഷനെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നും ആയതിനാല്‍ ആനവണ്ടി ബ്ലോഗ് ഉടനടി പൂട്ടിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഈ നോട്ടീസും സുര്‍ജിത്ത് ഫെയിസ്ബുക്കില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
നോട്ടീസ് ഫെയിസ്ബുക്കില്‍ വന്നതിനു പിന്നാലെ എം.ഡിക്കെതിരെ ട്രോളുമായി ആനവണ്ടി പ്രേമികള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി. കെ.എസ്.ആര്‍.ടി.സിയെ ജനകീയമാക്കിയതില്‍ വലിയ പങ്കുവഹിച്ച ആനവണ്ടി പൂട്ടിക്കാനുള്ള നീക്കം എന്തുവിലകൊടുത്തും തടയുമെന്ന് ഇവര്‍ പറഞ്ഞു.
കെ.എസ്.ആര്‍.ടി.സിയെ പ്രൊമോട്ട് ചെയ്യുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഏട്ട് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന കെ.എസ്.ആര്‍.ടി.സി ബ്ലോഗ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് ആനവണ്ടിക്കു പിന്നില്‍. 2008 ല്‍ കോഴഞ്ചേരി സ്വദേശിയായ സുജിത് ഭക്തന്‍ ആണ് കെ.എസ്.ആര്‍.ടി.സി ബ്ലോഗ് ആരംഭിച്ചത്. കെ.എസ്.ആര്‍.ടി.സിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള ഒരു വെബ്‌സൈറ്റായിരുന്നു ആദ്യം ഇത്. ഈ ബ്ലോഗ് ദിനം പ്രതി പതിനായിരത്തിലധികം ആളുകള്‍ സന്ദര്‍ശിക്കുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയുടെ ഔദ്യോഗിക സൈറ്റിലുള്ളതിനേക്കാള്‍ വക്തയായും കൃത്യമായും വിവരങ്ങള്‍ നല്‍കാന്‍ ആനവണ്ടിക്ക് സാധിക്കുന്നുണ്ട്. ബസുകളുടെ വിവരം, സമയം, സര്‍വ്വീസുകളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ എന്നിവ ഈ ബ്ലോഗിലുണ്ട്.
കെ.എസ്.ആര്‍.ടി.സിയിലെ കെടുകാര്യസ്ഥതയും അഴിമതിയും ബ്ലോഗിലൂടെ പുറത്തുകൊണ്ടുവന്നതാണ് ഇങ്ങിനെ ഒരു നോട്ടീസ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് സുജിത്ത് പറഞ്ഞു. കേസുണ്ടായാല്‍ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.