ആര്‍. ശ്രീലേഖ ആദ്യ വനിതാ ഇന്റലിജന്‍സ്‌ മേധാവി

11:05am 7/6/2016

download (2)
തിരുവനന്തപുരം: കേരള പോലീസിലെ ആദ്യ വനിതാ ഇന്റലിജന്‍സ്‌ മേധാവിയായി എ.ഡി.ജി.പി: ആര്‍. ശ്രീലേഖ നിയമിതയായി. ഇതുള്‍പ്പെടെ പിണറായി സര്‍ക്കാര്‍ നടത്തിയ രണ്ടാമത്തെ പോലീസ്‌ അഴിച്ചുപണിയില്‍ ജയില്‍ ഡി.ജി.പി: ഋഷിരാജ്‌സിങ്ങിനടക്കം 23 ഉദ്യോഗസ്‌ഥര്‍ക്കു സ്‌ഥാനചലനം. ഋഷിരാജിനെ എക്‌സൈസ്‌ കമ്മിഷണറായി നിയമിച്ചു. ആംഡ്‌ ബറ്റാലിയന്‍ മേധാവി അനില്‍കാന്താണു പുതിയ ജയില്‍ മേധാവി.
ഇവര്‍ക്കുപുറമേ, നാല്‌ എ.ഡി.ജി.പിമാര്‍, നാല്‌ ഐ.ജിമാര്‍, ഒരു ഡി.ഐ.ജി, 13 എസ്‌.പിമാര്‍ എന്നിവര്‍ക്കാണു മാറ്റം. ബാര്‍നിരോധനത്തിന്റെ പശ്‌ചാത്തലത്തില്‍ അനധികൃതമദ്യം, മയക്കുമരുന്ന്‌ എന്നിവയുടെ വ്യാപനം കര്‍ശനമായി തടയുന്നതിന്റെ ഭാഗമായാണു ഋഷിരാജിനെ എക്‌സൈസ്‌ കമ്മിഷണറായി നിയമിച്ചത്‌. അതിനായി, ഐ.എ.എസ്‌. തസ്‌തികയായിരുന്ന എക്‌സൈസ്‌ കമ്മിഷണര്‍ പദവി ഒരുവര്‍ഷത്തേക്കു വിജിലന്‍സ്‌ ഡയറക്‌ടറുടേതിനു തുല്യമാക്കി.
ഇന്റലിജന്‍സ്‌ മേധാവി എ. ഹേമചന്ദ്രനെ ഫയര്‍ഫോഴ്‌സ്‌ മേധാവിയായി നിയമിച്ചേക്കും. ഇന്റലിജന്‍സ്‌ ഡി.ഐ.ജി: പി. വിജയനെ പോലീസ്‌ പരിശീലനവിഭാഗത്തില്‍ നിയമിച്ചു.
1987 ബാച്ച്‌ ഉദ്യോഗസ്‌ഥയായ ആര്‍. ശ്രീലേഖ കേരളാ കേഡറിലെ ആദ്യ ഐ.പി.എസ്‌. ഉദ്യോഗസ്‌ഥയാണ്‌. കേരളാ പോലീസിലെ ഉരുക്കുവനിതയായി അറിയപ്പെടുന്ന ശ്രീലേഖ, പത്തനംതിട്ട മാസപ്പടി ഡയറി പുറത്തുകൊണ്ടുവന്നതും മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരേ വിജിലന്‍സ്‌ കേസെടുത്തതും ഉള്‍പ്പെടെ ഒട്ടേറെ കര്‍ശനനടപടികളിലൂടെ റെയ്‌ഡ്‌ ശ്രീലേഖ എന്ന വിളിപ്പേരും സ്വന്തമാക്കി.
കേന്ദ്ര ഡെപ്യൂട്ടേഷനില്‍നിന്നു മടങ്ങിയെത്തിയ സുധേഷ്‌കുമാറിനെ ഉത്തരമേഖലാ എ.ഡി.ജി.പിയാക്കി.
എ.ഡി.ജി.പി: നിഥിന്‍ അഗര്‍വാളാണു പുതിയ ആംഡ്‌ ബറ്റാലിയന്‍ മേധാവി. ജിഷ കേസുമായി ബന്ധപ്പെട്ടു സ്‌ഥലംമാറ്റിയ ദക്ഷിണമേഖലാ എ.ഡി.ജി.പി: കെ. പത്മകുമാറിനെ കെ.എസ്‌.ഇ.ബി. ചീഫ്‌ വിജിലന്‍സ്‌ ഓഫീസറാക്കി.
ഈ തസ്‌തിക പോലീസ്‌ ഹെഡ്‌ ക്വാര്‍ട്ടേഴ്‌സ്‌ എ.ഡി.ജി.പിയുടേതിനു തുല്യമാക്കി. ജിഷ കേസ തുടക്കത്തില്‍ കൈകാര്യംചെയ്‌ത എറണാകുളം ഐ.ജി: മഹിപാല്‍ യാദവിന്റെ കസേരയും തെറിച്ചു. അദ്ദേഹത്തെ തൃശൂര്‍ ട്രെയിനിങ്‌ അക്കാദമിയില്‍ നിയമിച്ചു. ക്രൈംബ്രാഞ്ച്‌ ഐ.ജി: എസ്‌. ശ്രീജിത്തിനെ
എറണാകുളം ഐ.ജിയാക്കി. പരിശീലനവിഭാഗം ഐ.ജി: എസ്‌. സുരേഷിനെ പോലീസ്‌ ആസ്‌ഥാനത്ത്‌ ഐ.ജിയായി നിയമിച്ചു. ജില്ലാ പോലീസ്‌ മേധാവിമാരുടെ മാറ്റം ചുവടേ: എ. അക്‌ബര്‍-ആലപ്പുഴ, കെ. സഞ്‌ജയ്‌കുമാര്‍ ഗുരുഡിന്‍-കണ്ണൂര്‍, എ.വി. ജോര്‍ജ്‌-ഇടുക്കി, ദേബേഷ്‌കുമാര്‍ ബെഹ്‌റ-മലപ്പുറം, ആര്‍. നിശാന്തിനി-തൃശൂര്‍ റൂറല്‍, എന്‍. രാമചന്ദ്രന്‍-കോട്ടയം, എസ്‌. സതീഷ്‌ ബിനോ-കൊല്ലം സിറ്റി, എന്‍. വിജയകുമാര്‍-കോഴിക്കോട്‌ റൂറല്‍, തോംസണ്‍ ജോസ്‌-കാസര്‍ഗോഡ്‌, എ. ശ്രീനിവാസ്‌-പാലക്കാട്‌, കെ. കാര്‍ത്തിക്‌-വയനാട്‌, ഹരിശങ്കര്‍-പത്തനംതിട്ട, ജെ. ഹിമേന്ദ്രനാഥ്‌-തൃശൂര്‍ സിറ്റി.