ആറന്മുള വിമാനത്താവളം: പരിസ്ഥിതി പഠനം നടത്താന്‍ കേന്ദ്രാനുമതി

03:25 pm 10/08/2016
download
ന്യൂഡല്‍ഹി: ആറന്മുള വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്താന്‍ കെ.ജി.എസ് ഗ്രൂപ്പിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി. പദ്ധതി സംബന്ധിച്ച് പഠനം നടത്തുന്നതിന് അനുമതി തേടി കെ.ജി.എസ് ഗ്രൂപ്പ് നല്‍കിയ അപേക്ഷയിലാണ് നടപടി. ജൂലൈ 29ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍റെ വിദഗ്ധ സമിതിയാണ് അപേക്ഷ പരിഗണിച്ചത്.

വിമാനത്താവളത്തിന്‍റെ ആവശ്യകതയെക്കുറിച്ച് പ്രദേശത്തെ ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടണമെന്ന് വിദഗ്ധ സമിതി നിര്‍ദേശിച്ചിട്ടുണ്ട്. പാരിസ്ഥിതിക പ്രശ്നങ്ങളില്‍ കെ.ജി.എസ് ഗ്രൂപ്പിന്‍റെ മറുപടി തൃപ്തികരമെന്ന് സമിതി അറിയിച്ചു.

വിമാനത്താവളത്തിനായി പരിസ്ഥിതി പഠനം നടത്താന്‍ അനുമതി നല്‍കരുതെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരൻ സമർപ്പിച്ച അപേക്ഷ വിദഗ്ധ സമിതി തള്ളി. പദ്ധതിക്കെതിരായ കേസുകളുടെ വിവരങ്ങള്‍ സമിതിയെ അറിയിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.

ആറന്മുള വിമാനത്താവള പദ്ധതിക്ക് വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭിച്ചിരുന്നെങ്കിലും പഠനം നടത്തിയ ഏജന്‍സിക്ക് അംഗീകാരമില്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കിയിരുന്നു. തുടര്‍ന്ന് പുതിയ പഠനത്തിന് പരിഗണനാ വിഷയങ്ങള്‍ തയാറാക്കുന്നതിന് കെ.ജി.എസ് ഗ്രൂപ്പ് വീണ്ടും അപേക്ഷ സമര്‍പ്പിച്ചു. ഈ അപേക്ഷ പരിഗണിച്ചാണ് വിദഗ്ധസമിതി അനുമതി നല്‍കിയത്.