ആറു വയസുകാരിയെ വിവാഹം ചെയ്ത മതപണ്ഡിതന്‍ അറസ്റ്റില്‍

10:00am 30/7/2016
download (5)
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ആറു വയസുകാരിയെ വിവാഹം ചെയ്ത മതപണ്ഡിതന്‍ അറസ്റ്റില്‍. മുഹമ്മദ് കരീം എന്ന അറുപത് വയസുകാരനാണ് പിടിയിലായത്. അഫ്ഗാനിലെ ഖോര്‍ പ്രവിശ്യയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പെണ്‍കുട്ടിയെ മാതാപിതാക്കള്‍ മതാചാരപ്രകാരം വഴിപാടായി നല്‍കുകയായിരുന്നെന്നാണ് ഇയാളുടെ വാദം. എന്നാല്‍ അഫ്ഗാന്‍-ഇറാന്‍ അതിര്‍ത്തി പ്രദേശമായ പടിഞ്ഞാറന്‍ ഹെറാത്തില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയാണിതെന്ന് മാതാപിതാക്കള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

പെണ്‍കുട്ടിയെ ഖോറിലെ വനിതാ അഭയകേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. മാതാപിതാക്കളെ വിവരം അറിയിച്ചതായും പെണ്‍കുട്ടിയെ ഉടന്‍ കൈമാറുമെന്നും ഗവര്‍ണറുടെ വക്താവ് അബ്ദുള്‍ ഹായ് കദിബി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കരീം ജയിലാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കദിബി കൂട്ടിച്ചേര്‍ത്തു.