ആശങ്കക്കിടെ ആദ്യഘട്ട ‘നീറ്റ്’ ഇന്ന്

09:12 AM 01/05/2016
images
തിരുവനന്തപുരം: ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമിടയില്‍ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റിന്‍െറ(നീറ്റ്) ആദ്യഘട്ടം ഞായറാഴ്ച നടക്കും. മെഡിക്കല്‍/ഡെന്‍റല്‍ പ്രവേശത്തിന് വ്യത്യസ്ത പ്രവേശപരീക്ഷകള്‍ നടത്തുന്ന രീതി അവസാനിപ്പിച്ച് സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് നീറ്റ് പരീക്ഷ ഈ വര്‍ഷം തന്നെ നടത്തുന്നത്. നേരത്തേ വിവിധ സംസ്ഥാനങ്ങളിലെ 15 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലെ പ്രവേശത്തിനായി നടത്താന്‍ നിശ്ചയിച്ച ഓള്‍ ഇന്ത്യ പ്രീ മെഡിക്കല്‍/ഡെന്‍റല്‍ ടെസ്റ്റാണ് സുപ്രീംകോടതി വിധിപ്രകാരം നീറ്റിന്‍െറ ഒന്നാംഘട്ടമാക്കി നടത്തുന്നത്.

സംസ്ഥാന മെഡിക്കല്‍ പ്രവേശപരീക്ഷ പൂര്‍ത്തിയായതിനുശേഷം നീറ്റ് നിര്‍ബന്ധമാക്കിയതുസംബന്ധിച്ച് സംസ്ഥാനത്തെ ഒരു ലക്ഷത്തിലേറെ വിദ്യാര്‍ഥികളില്‍ ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് മുന്‍നിശ്ചയ പ്രകാരം നീറ്റ് പരീക്ഷ നടക്കുന്നത്. രാജ്യത്തെ 52 കേന്ദ്രങ്ങളിലാണ് പരീക്ഷ.
കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലും. നേരത്തേ അപേക്ഷിക്കാന്‍ കഴിയാത്തവര്‍ക്ക് രണ്ടാംഘട്ട പരീക്ഷ ജൂലൈ 24ന് നടത്താനും ഫലം ഒന്നിച്ച് ആഗസ്റ്റ് 17ന് പ്രസിദ്ധീകരിക്കാനും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സംസ്ഥാന മെഡിക്കല്‍ പ്രവേശപരീക്ഷ ലക്ഷ്യമിട്ട് പഠനം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് അഖിലേന്ത്യാപരീക്ഷ കടുപ്പമാകും. കടുപ്പമേറിയ ചോദ്യങ്ങളും വേറിട്ട ചോദ്യശൈലിയുമാണ് അഖിലേന്ത്യാപരീക്ഷയുടെ രീതി.

സംസ്ഥാന മെഡിക്കല്‍ പ്രവേശപരീക്ഷയുടേതില്‍ നിന്ന് വ്യത്യസ്തമായ സിലബസാണ് അഖിലേന്ത്യാപരീക്ഷക്ക് ഉപയോഗിക്കുന്നത്. അതേസമയം, സംസ്ഥാന മെഡിക്കല്‍ പ്രവേശപരീക്ഷ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഈ വര്‍ഷം നീറ്റില്‍ നിന്ന് ഇളവ് വേണമെന്ന് ആവശ്യപ്പെടുന്ന പ്രത്യേക അപേക്ഷ എത്രയും വേഗം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇതിനായുള്ള വസ്തുതാവിവരണ റിപ്പോര്‍ട്ടും കൈമാറിയിട്ടുണ്ട്. പുന$പരിശോധനാഹരജി സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശമെങ്കിലും കേസില്‍ അന്തിമവിധി വരാത്ത സാഹചര്യത്തില്‍ ഇത് സാധ്യമല്ളെന്ന് അഡ്വക്കറ്റ് ജനറലും നിയമസെക്രട്ടറിയും സര്‍ക്കാറിനെ അറിയിച്ചു. ഈ സാഹചര്യത്തിലാണ് പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്. മേയ് മൂന്നിന് കേസ് വീണ്ടും പരിഗണിക്കുംമുമ്പ് അപേക്ഷ സമര്‍പ്പിക്കാനാണ് ശ്രമം.