ആർ.എസ് പുരയിൽ പാക് വെടിവെപ്പ്; ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു

09:26 AM 24/10/2016

download (2)
ശ്രീനഗർ: ജമ്മു കശ്മീർ അതിർത്തിയിൽ പാക് സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ബി.എസ്.എഫ് ജവാൻ കൊല്ലപ്പെട്ടു. ബി.എസ്.എഫ് കോൺസ്റ്റബിൾ സുശീൽ കുമാറാണ് മരിച്ചത്. വെടിവെപ്പിൽ ഗുരുതര പരിക്കേറ്റ സുശീൽ കുമാറിനെ ജമ്മുവിലെ സൈനിക ആശുപത്രിയിൽ എത്തിച്ചിരുന്നു.

അന്താരാഷ്ട്ര അതിർത്തിയിൽ ആർ.എസ് പുര, അഖ്നൂർ മേഖലകളിലാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം വെടിവെപ്പ് നടത്തിയത്. മോർട്ടാർ ഷെല്ലുകളും ചെറിയ ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ശക്തമായ രീതിയിൽ സേനയും തിരിച്ചടിച്ചതായി ബി.എസ്.എഫ് വക്താവ് മാധ്യമങ്ങളെ അറിയിച്ചു. ഞായറാഴ്ച രാത്രി ആരംഭിച്ച വെടിവെപ്പ് ഇപ്പോഴും തുടരുകയാണ്.

അതിർത്തിയിലെ ഇന്ത്യൻ ഗ്രാമങ്ങളും സൈനിക പോസ്റ്റുകളും ലക്ഷ്യംവെച്ചാണ് പാക് റേഞ്ചേഴ്സ് ആക്രമണം തുടങ്ങിയത്. ആർ.എസ് പുര സെക്ടറിലെ കൊരോട്ടാന ഖുർദ്, ബുദ്ധിപുർ ഗാട്ടൻ ഗ്രാമങ്ങളിൽ 60 എം.എം, 81 എം.എം ഷെല്ലുകളാണ് പതിച്ചത്. ജമ്മു കശ്മീരിലെ ജമ്മു, കത്വ, സാംബ, പൂഞ്ച്, രജൗറി ജില്ലകളിലെ ആറു മേഖലകളിലാണ് പാക് സൈന്യം തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നത്.