ഇക്വഡോര്‍ ഭൂചലനത്തില്‍ 233 മരണം

11.52 PM 17-04-2016
ecuador_1704
ഇക്വഡോര്‍ ഭൂചലനത്തില്‍ മരണസംഖ്യ 233 ആയി. പസഫിക് തീരത്തുണ്്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മരണം 233 ആയി ഉയര്‍ന്നതായി പ്രസിഡന്റ് റാഫേല്‍ കൊറിയ ട്വിറ്ററില്‍ അറിയിച്ചു. പോലീസും സൈന്യവും അടിയന്തര സേവനങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 77 പേര്‍ മരിച്ചെന്നും 600 പേര്‍ക്കു പരിക്കേറ്റെന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
ഭൂചലനത്തില്‍ നിരവധി വീടുകളും വാഹനങ്ങളും തകര്‍ന്നു. വ്യാപാര സ്ഥാപനങ്ങള്‍, റോഡുകള്‍, ഫ്‌ളൈ ഓവറുകള്‍ എന്നിവയ്ക്കു കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി, ടെലിഫോണ്‍ സംവിധാനങ്ങളും തടസപ്പെട്ടു. തലസ്ഥാനനഗരമായ ക്വിറ്റോയില്‍ 40 സെക്കന്‍ഡോളം ഭൂചലനം നീണ്്ടുനിന്നു.
ഭൂചലനത്തെത്തുടര്‍ന്ന് ക്വിറ്റോയിലും സമീപപ്രദേശങ്ങളിലും കാലാവസ്ഥാ പഠനകേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്നു 300 കിലോമീറ്റര്‍ ദൂരം വരെ സുനാമി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നായിരുന്നു കാലാവസ്ഥാ പഠന കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. രണ്ടു മിനിറ്റിനിടയില്‍ രണ്ടു ഭൂചലനങ്ങളാണ് ഇവിടെ ഉണ്ടായത്. ആദ്യം 4.8 ആയിരുന്ന തീവ്രതയാണു പിന്നീട് 7.8 ആയി ഉയര്‍ന്നത്. ഇതാണു സുനാമി സാധ്യതകള്‍ സജീവമാക്കിയത്.