ഇടുക്കിയില്‍ പിടിയിലായത് വന്‍ കള്ളനോട്ട് സംഘത്തിലെ കണ്ണിയെന്ന് പൊലീസ്

07.49 AM 03-09-2016
money_rupee6_760x400
നൂറു രൂപയുടെ കള്ളനോട്ടുകളുമായി കട്ടപ്പനയില്‍ പിടിയിലായ ആള്‍ ബംഗളുരു കേന്ദ്രമാക്കിയുള്ള വന്‍ കള്ളനോട്ട് സംഘത്തിലെ കണ്ണിയാണെന്ന് പോലീസ് കണ്ടെത്തി. ബംഗലുരുവിലെത്തിച്ചു നടത്തിയ പരിശോധനയില്‍ കള്ളനോട്ടടിക്കാന്‍ ഉപയോഗിച്ചിരുന്ന മെഷീനും മറ്റു സാധനങ്ങളും കണ്ടെടുത്തു. സംഘത്തിലെ പ്രധാന പ്രതികളായ മൂന്നു പേര്‍ക്കു വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.
കട്ടപ്പന പൊലീസ് ബംഗളുരുവിലെ ഇലക്ട്രോണിക് സിറ്റി കേന്ദ്രമാക്കി നടത്തിയ അനേഷണത്തിലാണ് കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്തിയത്. പച്ചടി കിഴക്കേതില്‍ പി.കെ. സുനില്‍ കുമാര്‍, കാഞ്ഞിരപ്പള്ളി സ്വദേശി ഷെരിഫ്, കോയമ്പത്തൂര്‍ സ്വദേശി നിധിഷ് എന്നിവരാണ് സംഘത്തിലെ പ്രധാനികള്‍. ഹെബകുടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ആനന്ദ് നഗര്‍! എന്ന സ്ഥലത്താണ് കള്ളനോട്ട് അച്ചടിച്ചിരുന്നത്. സുനില്‍കുമാര്‍ ബാംഹളൂരുവില്‍ ഇലക്ട്രിക്കല്‍ ജോലി നടത്തുന്നതിന്റെ മറവിലായിരുന്നു കള്ളനോട്ട് അച്ചടിയും വിതരണവും. അഞ്ച് മാസം മുമ്പാണിവര്‍ ബംഗളുരുവില്‍ മുറിയെടുത്തത്. 1000, 500, 100, എന്നീ രൂപയുടെ നോട്ടുകളാണ് അച്ചടിച്ചിരുന്നത്.
നോട്ട് അച്ചടിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രിന്റര്‍, സ്‌ക്രീന്‍ പ്രിന്റിംഗ് ഉപകരണങ്ങള്‍, മഷി, ഗില്‍റ്റ് പേപ്പറുകള്‍, നോട്ട് അച്ചടിക്കാനുള്ള പേപ്പര്‍ എന്നിവ ഉള്‍പ്പെടെ 22 ഓളം സാധനങ്ങള്‍ മുറിയില്‍ നിന്ന് പോലീസ് പിടിച്ചെടുത്തു. പ്രിന്റിങ് കഴിഞ്ഞ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പോലീസ് എത്തുന്നതറിഞ്ഞ് സംഘം മാറ്റി. ഒരു യഥാര്‍ത്ഥ നോട്ടിന് പകരം മുന്ന് കള്ളനോട്ടുകളാണ് സംഘം നല്കിയിരുന്നത്. ഈ വിധത്തില്‍ ഒന്‍പത് കോടി രൂപയുടെ കള്ളനോട്ട് നല്‍കാന്‍, സംഘത്തിന് ഓര്‍ഡര്‍ ഉണ്ടായിരുന്നതായി പിടിയിലായ രവീന്ദ്രന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മുറിയില്‍ നടത്തിയ തെരച്ചിലില്‍ രവീന്ദ്രന്‍ ഇടുക്കി കാമാക്ഷിയില്‍ കള്ളനോട്ട് പണം ഉപയോഗിച്ച് വാങ്ങിയ 50സെന്റ് സ്ഥലത്തിന്റെ ആധാരവും കണ്ടെത്തി. ഷെരിഫ്, കാഞ്ഞിരപ്പള്ളിയിലെ കള്ളനോട്ട് കേസിലും പ്രതിയാണ്. ഇവരുടെ ഇടനിലക്കാര്‍ക്ക് വേണ്ടിയും അന്വേഷണം ആരംഭിച്ചു.