‘ഇതൊരു തുടക്കമാണ്. ശരിക്കും പോരാട്ടങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ.

12:58pm 18/7/2016

download (1)
ന്യുഡല്‍ഹി: ബോക്സിങ് കരിയറിലെ ഏറ്റവും വലിയ മത്സരം കഴിഞ്ഞ വിശ്രമത്തിലാണ് വിജേന്ദര്‍. മൂന്ന് മിനിറ്റ് വീതമുള്ള പത്ത് റൗണ്ട്. പരിചയസമ്പന്നനായി എതിരാളിക്കെതിരെ ജീവന്മരണ പോരാട്ടം. തലങ്ങും വിലങ്ങും പറന്നത്തെിയ ഇടികള്‍. ഏറെയും ഒഴിഞ്ഞുമാറിയപ്പോള്‍ ചിലത് മുഖവും വയറും തരിപ്പണമാക്കി. ഏതാനും മുറിവുകളുമുണ്ട്. പക്ഷേ, എല്ലാം സൂപ്പര്‍ മിഡ്ല്‍ വെയ്റ്റ് എന്ന കിരീട മധുരത്തില്‍ മറക്കുകയാണ് ഇന്ത്യയുടെ ബോക്സിങ് ഹീറോ വിജേന്ദര്‍ കുമാര്‍.

‘ഇതൊരു തുടക്കമാണ്. ശരിക്കും പോരാട്ടങ്ങള്‍ വരാനിരിക്കുന്നേയുള്ളൂ. എന്‍െറ ഏറ്റവും ദൈര്‍ഘ്യമേറിയ പോരാട്ടമായിരുന്നു. മുഖത്തും വയറിലുമായി കുറെ മുറിവുകളുണ്ട്. പക്ഷേ, ഇതെല്ലാം ബോക്സിങ്ങിന്‍െറ ഭാഗമാണ്. ഒരുമാസത്തെ വിശ്രമത്തില്‍ എല്ലാം തേച്ച്മായ്ച്ച് ഞാനത്തെും, വലിയ പോരാട്ടങ്ങളിലേക്കായി’ -വേദനകളെ കിരീടമധുരത്തില്‍ അലിയിച്ച് വിജേന്ദര്‍ ഒരു ഇരുത്തംവന്ന ബോക്സറാവുന്നു. ന്യൂഡല്‍ഹിയിലെ ത്യാഗരാജ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രിയിലെ പോരാട്ടത്തില്‍ മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍ കെറി ഹോപിനെ ഇടിച്ചുവീഴ്ത്തി ഏഷ്യ-പസഫിക് സൂപ്പര്‍ മിഡ്ല്‍ വെയ്റ്റ് കിരീടമണിഞ്ഞ ആവേശത്തിലാണ് ബോക്സിങ് ഹീറോ. ഇനി രണ്ടു മാസത്തേക്ക് വിജേന്ദറാണ് ഈ കിരീടത്തിന്‍െറ അവകാശി. ഒപ്പം ലോക ബോക്സിങ് അസോസിയേഷന്‍ സൂപ്പര്‍ മിഡ്ല്‍വെയ്റ്റ് വിഭാഗം (73-76 കിലോ) റാങ്കിങ്ങില്‍ 15ാം നമ്പറിലും വിജേന്ദറുണ്ടാവും.

ആദ്യ ആറു മത്സരങ്ങളിലും നോക്കൗട്ട് ജയം നേടിയ വിജേന്ദര്‍ കെറിഹോപിനു മുന്നില്‍ 10 റൗണ്ടും മത്സരിച്ചാണ് കിരീടമണിഞ്ഞത്. കരിയറിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരത്തിലെ ജയം ഇന്ത്യന്‍ താരം സമര്‍പ്പിച്ചത് ബോക്സിങ് റിങ്ങിലെ ഇതിഹാസമായിരുന്ന മുഹമ്മദ് അലിക്ക്.
മുന്‍ ഡബ്ള്യൂ.ബി.എ ലോകചാമ്പ്യന്‍ ബ്രിട്ടന്‍െറ ആമിര്‍ ഖാനെതിരെയാവും അടുത്ത പോരാട്ടമെന്നും വിജേന്ദര്‍ സൂചന നല്‍കി. ‘ഞങ്ങള്‍ ഇരുവരും വ്യത്യസ്ത വെയ്റ്റ് കാറ്റഗറിയിലാണ്. ഒന്നുകില്‍ അദ്ദേഹം ഭാരം കൂട്ടണം. അല്ളെങ്കില്‍ ഞാന്‍ ഭാരം കുറക്കണം. ഇക്കാര്യത്തെക്കുറിച്ച് ഞങ്ങളുടെ ടീം ആലോചനയിലാണ്. എന്തായാലും ആ വലിയ പോരാട്ടം നടക്കും. അത് ഇന്ത്യയില്‍തന്നെയാവും’ -വിജേന്ദര്‍ പറഞ്ഞു.

ബ്രിട്ടീഷുകാരനായ പാകിസ്താന്‍ വംശജനാണ് ആമിര്‍ ഖാന്‍. വിജേന്ദറുമായുള്ള മത്സരം അദ്ദേഹവും സ്ഥിരീകരിച്ചു. ലൈറ്റ്വെയ്റ്റ് (57-60 കിലോ) വിഭാഗത്തില്‍ മത്സരിക്കുന്ന ആമിര്‍ ഖാന്‍ അടുത്തിടെ മിഡ്ല്‍വെയ്റ്റ് ലോകചാമ്പ്യന്‍ കാനിലോ അല്‍വാരസിനെ നേരിടാന്‍ ഭാരമുയര്‍ത്തി റിങ്ങിലിറങ്ങിയെങ്കിലും നോക്കൗട്ട് തോല്‍വി വഴങ്ങുകയായിരുന്നു. ഈ തിരിച്ചടി മാറിച്ചിന്തിപ്പിച്ചില്ളെങ്കില്‍ വിജേന്ദര്‍-ആമിര്‍ ഖാന്‍ പോരാട്ടത്തിന് വൈകാതെ ഇന്ത്യ വേദിയാവും. 35 മത്സരങ്ങളില്‍ 31 ജയവും നാലു തോല്‍വിയുമായാണ് ആമിറിന്‍െറ കുതിപ്പ്. 19 എണ്ണം നോക്കൗട്ട് ജയമായിരുന്നു. അതിനിടെ, കെറി ഹോപിനെതിരായ ജയത്തോടെ കൂടുതല്‍ മത്സരാവസരങ്ങള്‍ വിജേന്ദറിന് തുറന്നതായി പ്രൊമോട്ടര്‍ ഫ്രാന്‍സിസ് വാറന്‍ അറിയിച്ചു.