ഇന്ത്യക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര കളിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഇംഗ്ളണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക്.

07:02 pm 6/11/2016
images (2)

മുംബൈ: ഇന്ത്യക്കെതിരെ ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര കളിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന് ഇംഗ്ളണ്ട് നായകന്‍ അലിസ്റ്റര്‍ കുക്ക്. ലോക ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതായ ടീമിനെതിരെ അവരുടെ നാട്ടില്‍ കളിക്കുകയെന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. കളിയുടെ എല്ലാ മേഖലകളിലും മികവുകാട്ടുന്ന ഇന്ത്യയുടെ കരുത്ത് സ്വന്തം മൈതാനങ്ങളിലാവുമ്പോള്‍ ഇരട്ടിയാവും. ഉപഭൂഖണ്ഡത്തില്‍ ഇത്തരം സാഹചര്യങ്ങളില്‍ കളിച്ചുപരിചയമില്ലാത്ത ടീമംഗങ്ങള്‍ക്ക് ഇത് കനത്ത പരീക്ഷണമാവും -കുക്ക് വ്യക്തമാക്കി. അതേസമയം, ഏതു പ്രതികൂല സാഹചര്യവും നേരിടാനുള്ള കെല്‍പ് തന്‍െറ ടീമിനുണ്ടെന്നും സന്ദര്‍ശക ടീമിന്‍െറ നായകന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു സീസണുകളിലായി ടീമിന്‍െറ പ്രകടനം മികച്ചതാണ്. കഴിഞ്ഞവര്‍ഷം അന്ന് ലോക ഒന്നാം നമ്പര്‍ ടീമായിരുന്ന ദക്ഷിണാഫ്രിക്കയെ അവരുടെ നാട്ടില്‍ചെന്ന് തോല്‍പിച്ച സംഘമാണ് ഞങ്ങളുടേത് -കുക്ക് ചൂണ്ടിക്കാട്ടി. അടുത്തിടെ ബംഗ്ളാദേശിനോടേറ്റ പരാജയം ടീമിനെ ബാധിച്ചിട്ടില്ളെന്ന് കുക്ക് വ്യക്തമാക്കി.

സമീപകാലത്തായി ഇന്ത്യ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പരയില്‍ പരാജയമറിഞ്ഞിട്ടില്ല. അവസാനമായി ടീം തോറ്റത് 2012ല്‍ ഇംഗ്ളണ്ടിനോടായിരുന്നു. അന്ന് അഹ്മദാബാദിലെ ആദ്യ ടെസ്റ്റ് തോറ്റശേഷമായിരുന്നു തിരിച്ചടിച്ച ഇംഗ്ളണ്ട് 2-1ന് പരമ്പര സ്വന്തമാക്കിയത്. അന്നും കപ്പിത്താന്‍ കുക്ക് തന്നെയായിരുന്നു. അന്ന് ആദ്യ ടെസ്റ്റ് വന്‍ മാര്‍ജിനില്‍ തോറ്റപ്പോള്‍ പരമ്പര 4-0ത്തിന് തോല്‍ക്കാനുള്ള സാധ്യതയെക്കുറിച്ചായിരുന്നു വാര്‍ത്താസമ്മേളനത്തിലെ ചോദ്യങ്ങളിലേറെയുമെന്ന് കുക്ക് ഓര്‍മിച്ചു. അന്നത്തെ ടീമില്‍നിന്ന് ഏറെ മാറ്റങ്ങളുണ്ടായത് ഇംഗ്ളണ്ടിന് തിരിച്ചടിയാവില്ളെന്ന വിശ്വാസത്തിലാണ് കുക്ക്. അന്ന് ലോകോത്തര സ്പിന്നര്‍ ഗ്രേയം സ്വാനും ഫോമിലുള്ള മോണ്ടി പനേസറും ടീമിലുണ്ടായിരുന്നു. നിലവിലെ ടീമില്‍ അതുപോലുള്ള സ്പിന്നര്‍മാരില്ളെന്നതാണ് ഇംഗ്ളണ്ടിനെ കുഴക്കുന്നത്. ഓഫ് സ്പിന്നര്‍മാരായ മുഈന്‍ അലി, ഗാരെത് ബാറ്റി, ലെഗ്സ്പിന്നര്‍ ആദില്‍ റാഷിദ്, ഇടങ്കൈയ്യന്‍ സ്പിന്നര്‍ സഫര്‍ അന്‍സാരി തുടങ്ങിയവരാണ് സ്പിന്‍ ഡിപ്പാര്‍ട്മെന്‍റിലുള്ളത്.

ഇന്ത്യന്‍ ടീം രാജ്കോട്ടില്‍
രാജ്കോട്ട്: ഇംഗ്ളണ്ടിനെതിരായ ആദ്യ ടെസ്റ്റിനായി വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം രാജ്കോട്ടിലത്തെി. ഖന്ധേരിയിലെ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ ബുധനാഴ്ചയാണ് അഞ്ചു ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് തുടക്കം കുറിക്കുക. ടീം തിങ്കളാഴ്ച പരിശീലനത്തിനിറങ്ങുമെന്ന് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ മീഡിയ മാനേജര്‍ ഹിമാന്‍ഷു ഷാ അറിയിച്ചു.